തൊടുപുഴ: മോഹൻലാൽ നായകനായ യോദ്ധ സിനിമ കണ്ടതോടെ ആയോധനകല പഠിക്കണമെന്ന ആഗ്രഹം മനസിൽ കയറിയ യുവാവാണ് തൊടുപുഴ സ്വദേശിയായ രാഹുൽ. ആ സ്വപ്നം സാക്ഷാത്കരിക്കാൻ 19-ാം വയസിൽ സ്വന്തമായുണ്ടായിരുന്ന ബൈക്ക് വരെ വിറ്റ് നേപ്പാളിലേക്ക് യാത്ര തിരിച്ചു. ഇന്ന് വിവിധ രാജ്യങ്ങളിലെ ആയോധനകലകളിൽ പ്രാവീണ്യം നേടിയ പരിശീലകനും അന്താരാഷ്ട്ര അംഗീകാരം നേടിയ ഗുരുവുമാണ് അദ്ദേഹം.
ബ്യൂട്ടിപാർലറിൽ ജോലി ചെയ്തിരുന്ന കാലത്താണ് രാഹുൽ നേപ്പാളിലേക്ക് പോയത്. ഭാഷ അറിയാവുന്ന ഒരു സഹപ്രവർത്തകനെ കൂട്ടിയെങ്കിലും അവിടെ എത്തിയ ശേഷം അയാൾ കൈവിട്ടു. പ്രതിസന്ധികൾ നേരിട്ടതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നെങ്കിലും സ്വപ്നം ഉപേക്ഷിച്ചില്ല.
ബ്യൂട്ടിപാർലറിൽ നിന്നുള്ള വരുമാനം ശേഖരിച്ചും ചിട്ടികൾ പിടിച്ചും വീണ്ടും വിദേശത്തേക്ക് പോയി. നേപ്പാൾ മാത്രമല്ല, ഭൂട്ടാൻ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം നേടി. വിവിധ ആയോധനകലകളുടെ രഹസ്യങ്ങൾ അവിടെ നിന്ന് പഠിച്ചെടുത്തു.
ഫിലിപ്പിനോ മാർഷൽ ആർട്ടായ കാലി, ഷാവോലിൻ കുങ്ഫു, തായ്‌ചി, സാൻഡ, മുയ് തായ് തുടങ്ങി നിരവധി ആയോധനകലകളിൽ രാഹുൽ വിദഗ്ധനാണ്. ഫിലിപ്പിനോ ആയോധനകലയായ സാന്റാ കമാവയുടെ ഇന്ത്യയിലെ ആദ്യ ഇൻസ്ട്രക്ടറും അംബാസഡറുമെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്.
തൊടുപുഴ മുതലക്കോടം സ്വദേശിയായ രാഹുൽ, പരേതനായ പി.ടി. ശശിയുടെയും ശോഭന കുമാരിയുടെയും മകനാണ്. ഫരീദാബാദിലെ മാജിക് ആൻഡ് ആർട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോണററി ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വിവിധ ആയോധനകലകളിൽ വൈദഗ്ധ്യം നേടിയിട്ടുണ്ടെങ്കിലും ഒരാളോടും വഴക്കിട്ടിട്ടില്ലെന്നതാണ് രാഹുലിന്റെ പ്രത്യേകത. നിലവിൽ തൊടുപുഴയിൽ ആയോധനകല അക്കാദമിയും ബ്യൂട്ടിപാർലറും നടത്തുകയാണ്.
പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ രാഹുലിന്റെ കീഴിൽ പരിശീലനം നേടുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും യുവാക്കൾ അദ്ദേഹത്തിന്റെ അക്കാദമിയിലേക്ക് എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
English Summary:
Inspired by Mohanlal’s film Yodha, Rahul from Thodupuzha sold his bike at 19 and travelled to Nepal to learn martial arts. Today, he is an internationally recognised martial arts instructor, mastering multiple disciplines and training students from across India.

