തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് (ജൂൺ 2) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എല്ലാ ജില്ലകളിലും യെലോ അലർട്ടാണ് നിലവിലുള്ളത്.
ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലവർഷം ഉടൻ കേരളത്തിലെത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂൺ 3ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും, ജൂൺ 4ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 5ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലും ജൂൺ 6ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെലോ അലർട്ടുള്ള ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
അതേസമയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. നദീതീരങ്ങൾ, അണക്കെട്ടുകൾക്ക് സമീപം, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ താൽക്കാലികമായി ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary
Heavy rainfall is expected across Kerala, prompting the India Meteorological Department (IMD) to issue Orange Alerts for Malappuram, Kozhikode, and Wayanad districts on June 2. Yellow Alerts have been issued for the remaining districts. The IMD has warned of very heavy rainfall in several districts over the coming days, with the southwest monsoon expected to arrive soon. Authorities have urged residents in landslide-prone, flood-prone, and low-lying areas to remain vigilant and follow safety instructions. Emergency control rooms are functioning across the state, and people have been advised to avoid unnecessary travel during periods of intense rainfall.

