​4 മാസത്തിനിടെ 180 തവണയായി 25 ലിറ്റർ മുലപ്പാൽ! ഒരു അമ്മയും ചെയ്യാൻ മടിക്കുന്ന ത്യാഗത്തിലൂടെ മാതൃകയായി ഇരുപതുകാരി; കൈയടിച്ച് കേരളം

2 Min Read
2 Min Read

കോഴിക്കോട്: സ്വന്തം കുഞ്ഞിന് മുലപ്പാൽ നൽകാനാകാത്ത വിഷമത്തെ മറ്റുകുഞ്ഞുങ്ങൾക്ക് ജീവൻ നൽകുന്ന കരുതലാക്കി മാറ്റിയിരിക്കുകയാണ് മലപ്പുറം വേങ്ങര സ്വദേശിനിയായ റെജീന സമീർ. വെറും നാല് മാസത്തിനിടെ 25 ലിറ്റർ മുലപ്പാൽ 180 തവണയായി ദാനം ചെയ്താണ് ഈ 20-കാരി മാതൃകയായത്.

ഗർഭകാലത്തിന്റെ ആറാം മാസത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റെജീനയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2025 മേയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ആദ്യ ദിവസങ്ങളിൽ മുലപ്പാൽ ഉണ്ടായിരുന്നില്ല. തുടർന്ന് ചികിത്സയിലൂടെ മുലപ്പാൽ ലഭിച്ചെങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ പ്രകടമായതോടെ മുലപ്പാൽ നൽകുന്നത് ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചു.

ഇതോടെ മുലപ്പാൽ കെട്ടിനിൽക്കുകയും വേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്തു. പാൽ പിഴിഞ്ഞ് കളയേണ്ട അവസ്ഥയിലായിരുന്നപ്പോൾ ആശുപത്രിയിലെ നഴ്സുമാരാണ് മിൽക്ക് ബാങ്കിനെക്കുറിച്ച് റെജീനയോട് പറഞ്ഞത്.

അതിനുശേഷം ദിവസവും രണ്ടും മൂന്നും തവണയായി മുലപ്പാൽ ശേഖരിച്ച് ആശുപത്രിക്ക് കൈമാറാൻ തുടങ്ങി. ആശുപത്രി വിട്ട ശേഷവും കുഞ്ഞിന്റെ പരിശോധനയ്ക്കായി എത്തുമ്പോഴെല്ലാം മുലപ്പാൽ ദാനം തുടർന്നു. ഭർത്താവ് സമീറും ഈ തീരുമാനത്തിന് പൂർണ പിന്തുണ നൽകി.

റെജീനയുടെ മകൻ സയാൻ സമീന് ഇപ്പോൾ ഒരു വയസായി. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അമ്മയുടെ മുലപ്പാൽ കുടിച്ചാണ് ഇപ്പോൾ വളരുന്നതെന്നും കുടുംബം പറയുന്നു.

“എന്റെ കുഞ്ഞിന് പാൽ നൽകാൻ കഴിഞ്ഞില്ല. എന്നാൽ അത് മറ്റൊരു കുഞ്ഞിന് ഉപകാരപ്പെടുമെങ്കിൽ എന്തുകൊണ്ട് നൽകിക്കൂടാ എന്ന ചിന്തയാണ് മുലപ്പാൽ ദാനത്തിലേക്ക് എന്നെ നയിച്ചത്,” എന്ന് റെജീന പറയുന്നു.

നിരവധി നവജാത ശിശുക്കളുടെ വിശപ്പകറ്റാനും ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായകമാകാനും റെജീനയുടെ ഈ കരുതൽ വഴിയൊരുക്കിയിരിക്കുകയാണ്.

English Summary:

Regina Sameer, a 20-year-old mother from Malappuram, donated 25 litres of breast milk over four months after being unable to feed her own baby due to medical reasons. Her generous contribution helped many newborns through the hospital’s milk bank.



Share This Article