ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യരംഗം നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 1,000 ആളുകൾക്ക് ശരാശരി മൂന്ന് നഴ്സുമാർ വേണമെങ്കിലും ഇന്ത്യയിൽ ഈ അനുപാതം രണ്ടായി ചുരുങ്ങിയിരിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് നഴ്സ് എക്സിക്യൂട്ടീവ് ഇന്ത്യ വ്യക്തമാക്കി.
കുറഞ്ഞ വേതനവും പരിമിതമായ തൊഴിൽ അവസരങ്ങളുമാണ് ഇന്ത്യൻ നഴ്സുമാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മികച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള നഴ്സുമാർ ഉയർന്ന ശമ്പളവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും തേടിയാണ് വിദേശത്തേക്ക് പോകുന്നത്.
ഇന്ത്യയിൽ ഒരു നഴ്സിന് ലഭിക്കുന്ന തുടക്ക ശമ്പളം സാധാരണയായി 20,000 മുതൽ 40,000 രൂപ വരെയാണ്. എന്നാൽ യുഎഇ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇത് രണ്ടരലക്ഷം മുതൽ 11 ലക്ഷം രൂപവരെ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നഴ്സുമാരുടെ വലിയ ക്ഷാമം നേരിടുന്ന സ്വിറ്റ്സർലൻഡ് വിദേശ നഴ്സുമാർക്ക് വർഷം 1.23 ലക്ഷം ഡോളർ വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്സംബർഗ്, ഡെൻമാർക്ക്, ഓസ്ട്രേലിയ, നോർവേ, കാനഡ, അയർലൻഡ് എന്നിവയും മികച്ച വേതനവും ആനുകൂല്യങ്ങളും നൽകി ആരോഗ്യപ്രവർത്തകരെ ആകർഷിക്കുന്ന രാജ്യങ്ങളാണ്.
ആരോഗ്യരംഗത്തെ വിദഗ്ധ തൊഴിലാളികൾക്കായി ജർമനി അടുത്തിടെ തൊഴിൽ വിസ നടപടികളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. യുഎസ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളും വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് വർധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.
മികച്ച തൊഴിൽനൈപുണ്യവും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവുമാണ് ഇന്ത്യൻ നഴ്സുമാരെ ആഗോള തൊഴിൽവിപണിയിൽ ഏറെ ആവശ്യക്കാരാക്കുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ ശക്തമായ മത്സരവും ഇന്ത്യൻ നഴ്സുമാർ നേരിടുന്നുണ്ട്.
ശമ്പള ഘടന മെച്ചപ്പെടുത്തുകയും തൊഴിൽപരിശീലനത്തിനും കരിയർ വളർച്ചയ്ക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്താൽ നഴ്സുമാരെ രാജ്യത്ത് തന്നെ നിലനിർത്താൻ കഴിയുമെന്ന് അസോസിയേഷൻ ഓഫ് നഴ്സ് എക്സിക്യൂട്ടീവ് ഇന്ത്യ അഭിപ്രായപ്പെട്ടു.
English Summary:
India is facing a growing shortage of nurses as many professionals migrate abroad for better salaries and working conditions. Countries such as Germany, UAE, Switzerland, Canada, and Australia are offering attractive pay packages, making overseas opportunities increasingly appealing to Indian nurses.

