മഥുര: ആത്മീയ ഗുരുവെന്ന പേരിൽ യുവതികളെ വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ഐഐടി ബിരുദധാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ അഭിഷേക് മിശ്ര (29)യാണ് പിടിയിലായത്. ഛത്തീസ്ഗഡിൽ നിന്നുള്ള 22-കാരിയായ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.
‘ആദികർത്താ നാരായണ ദാസ്’ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന ഇയാൾ കഴിഞ്ഞ നാല് വർഷമായി മഥുരയിലെ രാധാകുഞ്ച് മേഖലയിലായിരുന്നു ആത്മീയ പ്രഭാഷകനായി പ്രവർത്തിച്ചിരുന്നത്. ഐഐടി റൂർക്കിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഇയാൾ യൂട്യൂബും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളും വഴി ഭക്തിപരമായ പ്രഭാഷണങ്ങൾ നടത്തിയിരുന്നു.
പ്രഭാഷണങ്ങളിലൂടെ പരിചയപ്പെട്ട യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം കുടുംബങ്ങളിൽ നിന്ന് അകറ്റി തന്റെ കൂടെ താമസിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മഥുരയിലെ താമസസ്ഥലത്ത് ഒരേസമയം 24-ഓളം യുവതീ-യുവാക്കൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പുരാതന ഹൈന്ദവ ആചാരപ്രകാരമുള്ള ‘ഗാന്ധർവ്വ വിവാഹം’ വാഗ്ദാനം ചെയ്ത് യുവതികളെ സ്വാധീനിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ‘പ്രസാദം’ എന്ന പേരിൽ മയക്കുമരുന്ന് കലർത്തിയ പാൽ നൽകി ബോധരഹിതരാക്കിയ ശേഷമാണ് പീഡനം നടത്തിയതെന്നും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പിന്നീട് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്നുവെന്നുമാണ് പൊലീസ് ആരോപണം.
ഉയർന്ന വിദ്യാഭ്യാസവും മികച്ച തൊഴിൽ പശ്ചാത്തലവുമുള്ള യുവാക്കളെയും യുവതികളെയുമാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്വന്തം അമ്മ പോലും ഇയാളെ വിട്ടുപോയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
വാടകവീട്ടിൽ താമസിച്ചിരുന്ന മിശ്ര പിന്നീട് സ്വന്തം വീട് നിർമിക്കുകയും അവിടെവെച്ചാണ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി അന്വേഷണം തുടരുകയാണ്.
English Summary:
An IIT graduate from Odisha, who posed as a spiritual preacher under the name “Adikartha Narayan Das,” has been arrested in Mathura on allegations of sexually exploiting women. Police say he allegedly lured victims with promises of “Gandharva marriage,” drugged them, and used recorded videos for blackmail.

