ഗ്യാസ് സിലിണ്ടറുകളോട് വിട പറയാം; ചെലവ് കുറഞ്ഞ എഥനോൾ സ്റ്റൗകൾ ഉടൻ വിപണിയിലേക്ക്! വമ്പൻ പ്രഖ്യാപനവുമായി നിതിൻ ​ഗഡ്കരി

1 Min Read
1 Min Read

നാഗ്പുർ: പാചകവാതക വിലക്കയറ്റത്തിൽ ആശങ്കപ്പെടുന്ന കുടുംബങ്ങൾക്ക് ആശ്വാസവാർത്തയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ അടിസ്ഥാനമാക്കിയുള്ള പാചക സ്റ്റൗകൾ ഉടൻ വിപണിയിലെത്തുമെന്നും ഇത് പാചകച്ചെലവ് കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിനും സഹായകരമാകുമെന്നും അദ്ദേഹം അറിയിച്ചു.

നാഗ്പുരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കരിമ്പ്, ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോൾ പാചക ആവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

എൽപിജിയുമായി താരതമ്യം ചെയ്യുമ്പോൾ എഥനോൾ ഉപയോഗം മൂലമുള്ള മലിനീകരണം കുറവാണെന്നും കാർബൺ മോണോക്‌സൈഡ് ഉൾപ്പെടെയുള്ള ദോഷകരമായ വാതകങ്ങളുടെ പുറന്തള്ളൽ കുറയുന്നതിനാൽ ഇത് കൂടുതൽ പരിസ്ഥിതി സൗഹൃദമാണെന്നും ഗഡ്കരി പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന എൽപിജിയിലുള്ള ആശ്രയം കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്താനും പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ, എഥനോൾ ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കൃഷി ചെയ്യുന്ന കരിമ്പ്, ചോളം കർഷകർക്ക് അധിക വരുമാനവും ലഭിക്കും.

പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതിയിൽ ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചതായും ഗഡ്കരി ചൂണ്ടിക്കാട്ടി. 2014-ൽ 1.5 ശതമാനമായിരുന്ന എഥനോൾ മിശ്രണനിരക്ക് 2025-ഓടെ 20 ശതമാനത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വങ്ങളും പാചകവാതക വിലയെ ബാധിക്കുന്ന സാഹചര്യത്തിൽ, എഥനോൾ പോലുള്ള ബദൽ ഇന്ധനങ്ങൾ സാധാരണക്കാർക്ക് ആശ്വാസമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

English Summary:

Union Minister Nitin Gadkari has announced that ethanol-based cooking stoves will soon be introduced in India. The move aims to reduce dependence on LPG, lower cooking costs, support farmers, and promote cleaner, environmentally friendly fuel alternatives.

Share This Article