എടപ്പാൾ: വർഷങ്ങളായി വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന തകരാറിലായ കാർ ഉടമയുടെ അറിവില്ലാതെ ആക്രിക്കച്ചവടക്കാർക്ക് വിറ്റ സംഭവം വട്ടംകുളത്ത് ആശയക്കുഴപ്പത്തിനും നാടകീയ സംഭവവികാസങ്ങൾക്കും വഴിവെച്ചു.
വട്ടംകുളം സ്വദേശി പരീച്ചി സിദ്ദീഖിന്റെ കാർ തകരാറിനെ തുടർന്ന് വർഷങ്ങളായി വീടിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ ഒരു സംഘം കാർ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട സിദ്ദീഖിന്റെ ഭാര്യ സംഘത്തോട് വിവരം അന്വേഷിച്ചു. പട്ടാമ്പി സ്വദേശികളായ സ്ക്രാപ് വ്യാപാരികളാണെന്നും വാഹനത്തിന് വില നൽകി വാങ്ങിയതാണെന്നും അവർ വിശദീകരിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ സിദ്ദീഖ് കാർ തന്റേതാണെന്നും ആരോടും വിൽപ്പന നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് ഒത്തുകൂടിയതോടെ ചങ്ങരംകുളം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.
പടിഞ്ഞാറങ്ങാടി സ്വദേശിയായ 21-കാരൻ, വഴിയരികിൽ കിടന്നിരുന്ന കാർ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ക്രാപ് വ്യാപാരികളുമായി കച്ചവടം ഉറപ്പിക്കുകയും പണം കൈപ്പറ്റുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. യുവാവ് വാഹനവും സ്ഥലവും കാട്ടിക്കൊടുത്ത ശേഷമാണ് സംഘം കാർ കൊണ്ടുപോകാൻ എത്തിയത്.
പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തട്ടിപ്പ് സമ്മതിച്ചതായാണ് വിവരം. തുടർന്ന് മധ്യസ്ഥ ചർച്ചയിൽ സ്ക്രാപ് വ്യാപാരികൾക്ക് നൽകിയ തുക തിരികെ നൽകാനും വാഹനം ലോറിയിൽ കയറ്റുന്നതിനിടെ ഉണ്ടായ കേടുപാടുകൾ പരിഹരിക്കാനും ധാരണയായതോടെ കേസ് രജിസ്റ്റർ ചെയ്യാതെ വിഷയം ഒത്തുതീർപ്പാക്കി.
English Summary
A dramatic incident unfolded in Vattamkulam, Malappuram, after a 21-year-old allegedly sold a car he did not own to scrap dealers. The vehicle, which had been parked outside its owner’s house for years due to mechanical issues, was being loaded onto a truck when the real owner intervened. Police later uncovered the fraud, and the matter was settled after the money was returned and damages were compensated.

