‘ഞാൻ മരിച്ചിട്ടില്ല മക്കളേ, നല്ല ജീവനോടെയുണ്ട്‌’; മരണവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പൊട്ടിത്തെറിച്ച് ജുവൽ മേരി!

1 Min Read
1 Min Read

കൊച്ചി: നടിയും അവതാരകയുമായ ജുവൽ മേരിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തകൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ക്യാൻസർ ബാധിച്ച് ശബ്ദം നഷ്ടപ്പെട്ടുവെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും താൻ പൂർണ ആരോഗ്യവതിയാണെന്നും ജുവൽ മേരി വ്യക്തമാക്കി.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജുവൽ പ്രതികരിച്ചത്. 2023-ൽ തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് മുമ്പ് ഒരു പൊതുപരിപാടിയിൽ തുറന്നുപറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.

ആ പ്രസംഗത്തിലെ ഭാഗങ്ങൾ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും സന്ദേശങ്ങളും നൽകി ചിലർ മരണവാർത്ത പ്രചരിപ്പിക്കുകയാണെന്ന് ജുവൽ ആരോപിച്ചു. താൻ മരണം കാത്തുകിടക്കുകയാണെന്നും അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി.

“ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെയുണ്ട്. എന്നെ സ്‌നേഹിക്കുന്ന നിരവധി പേർ ആശങ്കയോടെ വിളിക്കുകയും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയിട്ടില്ല, സന്തോഷത്തോടെ ജീവിക്കുകയാണ്,” എന്ന് ജുവൽ വീഡിയോയിൽ പറഞ്ഞു.

വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും താൻ ആരോഗ്യവതിയായി തുടരുകയാണെന്നും ജുവൽ മേരി ആരാധകരെ ആശ്വസിപ്പിച്ചു.

English Summary:

Actress and presenter Jewel Mary has dismissed viral rumours claiming she is critically ill or has lost her voice due to cancer. In a video message, she clarified that although she was diagnosed with cancer in 2023, she is now healthy and doing well.



Share This Article