തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന്റെ ഔദ്യോഗിക യാത്രാ വാഹനത്തിലും മാറ്റമുണ്ടാകുന്നു. 2022 മുതൽ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള വാഹനത്തിന് പകരം ഇനി വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് അദ്ദേഹം ഉപയോഗിക്കുക.
മുഖ്യമന്ത്രിയായിരിക്കെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന കാറാണ് ഇപ്പോൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ‘99’ എന്ന വാഹന നമ്പറും അനുവദിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ എ.കെ.ജി സെന്ററിലെ വാഹനമാണ് പിണറായി വിജയൻ യാത്രകൾക്കായി ഉപയോഗിക്കുന്നത്. 2022-ൽ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശത്തെ തുടർന്നാണ് പിണറായി കറുത്ത നിറത്തിലുള്ള വാഹനത്തിലേക്ക് മാറിയത്. രാത്രിയാത്രകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും ആക്രമണ സാധ്യത കുറയ്ക്കുന്നതിനുമാണ് അന്ന് ഈ മാറ്റം നടപ്പാക്കിയത്. തുടർന്ന് സുരക്ഷാ വാഹനങ്ങളും കറുത്ത നിറത്തിലേക്ക് മാറ്റിയിരുന്നു.
അതേസമയം, പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരാഴ്ചയ്ക്കുള്ളിൽ കന്റോൺമെന്റ് ഹൗസിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് താമസം മാറിയേക്കും. അതിനുശേഷം കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാകും പിണറായി വിജയൻ അവിടേക്ക് മാറുക.
മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ നമ്പറും ഇതിനിടെ വിച്ഛേദിച്ചു. ഔദ്യോഗികമായി അനുവദിച്ച ഫോൺ നമ്പറുകൾ പദവി ഒഴിയുമ്പോൾ തിരിച്ചേൽപിക്കേണ്ടതാണ്. പേഴ്സണൽ സ്റ്റാഫിലെ മറ്റ് അംഗങ്ങൾ നമ്പറുകൾ തിരിച്ചേൽപിച്ചിരുന്നെങ്കിലും പഴയ നമ്പർ പിണറായി ഉപയോഗിച്ചുവരികയായിരുന്നുവെന്നാണ് വിവരം.
English Summary:
After stepping down as Kerala Chief Minister and becoming the Leader of the Opposition, Pinarayi Vijayan is switching from his black official vehicle to a white Toyota Innova Crysta. His official phone number has also been disconnected as part of post-office procedures.
