facebook

സ്വകാര്യ സ്കൂളുകളെ പുകഴ്ത്തിയ റീൽസ് വിവാദം; സസ്പെൻഷന് പിന്നാലെ സർക്കാർ സ്കൂൾ അധ്യാപിക രാജിവച്ചു

1 Min Read

തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ബൂക്യ ഗൗതമി സർക്കാർ സർവീസിൽ നിന്ന് രാജിവച്ചു. സ്വകാര്യ സ്കൂളുകളെ അനുകൂലിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ റീൽസ് പങ്കുവെച്ചെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദവും സസ്പെൻഷനും പിന്നാലെയാണ് 12 വർഷത്തെ സർക്കാർ അധ്യാപക സേവനം അവസാനിപ്പിക്കുന്നതായി അവർ അറിയിച്ചത്. രാജി പ്രഖ്യാപനവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു.

#### **സ്വകാര്യ സ്കൂളുകളെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണം**

സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ പ്രോത്സാഹിപ്പിച്ചെന്നും സർക്കാർ അധ്യാപിക എന്ന നിലയിൽ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയെന്നുമുള്ള ആരോപണങ്ങളാണ് ഗൗതമിക്കെതിരെ ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

#### **അധ്യാപികയുടെ വിശദീകരണം**

ആരോപണങ്ങൾക്ക് മറുപടിയായി, റീൽസ് എല്ലാം സ്കൂൾ സമയത്തിന് പുറത്തും സ്വന്തം വീട്ടിലുമാണ് ചിത്രീകരിച്ചതെന്നും ഔദ്യോഗിക ജോലികൾക്ക് ഒരു തരത്തിലും തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും ഗൗതമി വിശദീകരിച്ചു. 12 വർഷമായി ആത്മാർഥമായി സർക്കാർ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളോടുള്ള ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

#### **സസ്പെൻഷനും പുനർനിയമന ശ്രമവും**

അധ്യാപികയുടെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഗൗതമിയെ സസ്പെൻഡ് ചെയ്തു. പിന്നീട് പുനർനിയമനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ലെന്നാണ് ഗൗതമിയുടെ ആരോപണം. ബന്ധപ്പെട്ട ഓഫീസുകളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായും അവർ വീഡിയോയിൽ പറയുന്നു.

#### **’പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായിരുന്നു ആഗ്രഹം’**

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ഗൗതമി പറയുന്നു. തുടർച്ചയായ വിവാദങ്ങളും മാനസിക സമ്മർദവും അപമാനവും സഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗൗതമിക്ക് ഇൻസ്റ്റഗ്രാമിൽ 3.28 ലക്ഷം ഫോളോവേഴ്സുണ്ട്.

Share This Article