തിരുവനന്തപുരം: പട്ടികജാതി വനിതകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തതയും തൊഴിലും ഉറപ്പാക്കാൻ ദാക്ഷായണി പദ്ധതി നടപ്പാക്കുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് വനിതയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദാക്ഷായണി വേലായുധന്റെ പേരിലാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.
ദാക്ഷായണി പദ്ധതി അടുത്ത മാസം ഉദ്ഘാടനം
അടുത്ത മാസം ആദ്യവാരം പാലക്കാട് അഗളിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദാക്ഷായണി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പ്.
പട്ടികജാതി വനിതകളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയും സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അഞ്ച് വനിതകളുടെ കൂട്ടായ്മകൾക്ക് ആനുകൂല്യം
പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുറഞ്ഞത് അഞ്ച് വനിതകൾ ഉൾപ്പെടുന്ന കൂട്ടായ്മകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
ജില്ലാ രജിസ്ട്രാർ ഓഫീസ്, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വയംസഹായ സംഘങ്ങൾക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും തൊട്ടടുത്ത പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.
10 ലക്ഷം രൂപ വരെ ധനസഹായം
പരമാവധി 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികളാണ് ദാക്ഷായണി പദ്ധതി പരിഗണിക്കുക.
പദ്ധതി ചെലവിന്റെ 75 ശതമാനം വരെ ധനസഹായമായി നൽകും. പരമാവധി 10 ലക്ഷം രൂപ വരെയാണ് വകുപ്പിന്റെ ധനസഹായം.
തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി രണ്ട് ഗഡുക്കളായാണ് അനുവദിക്കുക.
അപേക്ഷ പരിശോധിക്കുന്നത് ജില്ലാതല സമിതി
പദ്ധതി നടത്തിപ്പിനും അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക സമിതികൾ പ്രവർത്തിക്കും.
ജില്ലാ ഓഫീസർ മുഖേന സമർപ്പിക്കുന്ന അപേക്ഷകളും പ്രോജക്ട് നിർദേശങ്ങളും ജില്ലാതല സമിതി പരിശോധിച്ച ശേഷമായിരിക്കും ധനസഹായം അനുവദിക്കുക.
അതേസമയം, ധനസഹായം ലഭിച്ച സംരംഭങ്ങളുടെ പുരോഗതിയും സമിതി നേരിട്ട് വിലയിരുത്തും.
English summary:
The Kerala government is introducing the ‘Dakshayani’ self-employment assistance scheme to promote economic independence and employment among Scheduled Caste women. Named after social reformer and Constituent Assembly member Dakshayani Velayudhan, the scheme will support new ventures and expansion of existing businesses. Groups consisting of at least five Scheduled Caste women can apply. Projects with an investment of up to ₹15 lakh will be considered, with financial assistance covering 75% of the project cost, up to a maximum of ₹10 lakh. The assistance will be released in two instalments through bank accounts.
Midhun Mohan
