വാഷിങ്ടൻ: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലൊസാഞ്ചലസിന്റെ മേയർ പദവിയിലേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമൻ എത്തുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ ലോകം.
മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ നിത്യ രാമൻ (45) നിലവിലെ മേയർ കാരൻ ബാസിനെ മറികടന്ന് മുന്നേറുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം നിത്യയ്ക്ക് 377,458 വോട്ടുകളും കാരൻ ബാസിന് 360,864 വോട്ടുകളുമാണ് ലഭിച്ചത്. അന്തിമ ഫലം പുറത്തുവരാൻ മണിക്കൂറുകൾ കൂടി വേണ്ടിവരും.
കാരൻ ബാസിന് കടുത്ത വെല്ലുവിളി
2022 ഡിസംബർ മുതൽ ലൊസാഞ്ചലസിന്റെ 43-ാമത് മേയറായി പ്രവർത്തിക്കുന്ന കാരൻ ബാസിന് ശക്തമായ വെല്ലുവിളിയാണ് നിത്യ ഉയർത്തിയിരിക്കുന്നത്. നിലവിലെ വോട്ടുനിലയിൽ നിത്യ വ്യക്തമായ മുന്നേറ്റം തുടരുകയാണ്.
അന്തിമ ഫലം പുറത്തുവരുന്നതോടെ മാത്രമേ മേയർ പദവിയിൽ ആരെത്തുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
ആരാണ് നിത്യ രാമൻ?
കഴിഞ്ഞ ആറു വർഷമായി ലൊസാഞ്ചലസ് സിറ്റി കൗൺസിലിലെ ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന അംഗമാണ് നിത്യ രാമൻ. സിറ്റി കൗൺസിലിലെത്തിയ ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമാണ്.
ഭവനരഹിതർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും അവർക്ക് താമസസൗകര്യം ഒരുക്കുന്നതിനുമായി നടത്തിയ പ്രവർത്തനങ്ങൾ നിത്യയെ ശ്രദ്ധേയയാക്കി.
കേരളവുമായി അടുത്ത ബന്ധം
1981 ജൂലൈ 28ന് കേരളത്തിലാണ് നിത്യയുടെ ജനനം. തിരുവനന്തപുരത്തെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽ തെരുവിലായിരുന്നു പതിറ്റാണ്ടുകൾക്കു മുൻപ് കുടുംബത്തിന്റെ താമസം.
പോസ്റ്റ് മാസ്റ്ററായിരുന്ന കെ. രാമയ്യരുടെ ചെറുമകളാണ് നിത്യ. കെൽട്രോണിൽ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജീവനക്കാരിയായിരുന്ന സുധയുടെയും മകളാണ്.
നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറിയത്. കുടുംബവീട് നേരത്തേ വിറ്റുപോയതിനാൽ ഇപ്പോൾ കുടുംബാംഗങ്ങളാരും കോട്ടയ്ക്കകത്ത് താമസിക്കുന്നില്ല.
ഹാർവാർഡിലും എംഐടിയിലും പഠനം
ഹാർവാർഡ് സർവകലാശാലയിൽനിന്ന് സോഷ്യോളജിയിൽ ബിരുദം നേടിയ നിത്യ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
തമിഴ് വംശജനായ തിരക്കഥാകൃത്ത് വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. ഇരട്ടക്കുട്ടികളായ കർണനും കാവേരിക്കുമൊപ്പം ലൊസാഞ്ചലസിലെ സിൽവർ ലേക്കിലാണ് നിത്യയുടെ താമസം.
English Summary : Indian-origin Nithya Raman is leading the Los Angeles mayoral race against incumbent Karen Bass, according to the latest vote count. Raman has secured 377,458 votes, while Bass has received 360,864 votes. Born in Kerala, Raman represents District 4 on the Los Angeles City Council and is the first Asian American woman and South Asian-origin member to serve on the council.
