പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശബന്ധങ്ങൾ, ദേശീയ താൽപര്യം, കേന്ദ്രസർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തുറന്ന ചർച്ചയ്ക്ക് മോദി തയ്യാറാകണമെന്നാണ് രാഹുലിന്റെ ആവശ്യം.
സംവാദത്തിനുള്ള വെല്ലുവിളി ഉയർത്തി 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എക്സിലൂടെയാണ് രാഹുൽ വീണ്ടും രംഗത്തെത്തിയത്.പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള വേദി തിരഞ്ഞെടുക്കാമെന്നും ചർച്ച നിയന്ത്രിക്കാൻ ആരെ വേണമെങ്കിലും നിയോഗിക്കാമെന്നും രാഹുൽ വ്യക്തമാക്കി.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പോലും ചർച്ചയുടെ നിയന്ത്രണച്ചുമതല ഏൽപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെയും രാജ്യത്തെ യുവാക്കളുടെയും സാന്നിധ്യത്തിൽ ഇരുനേതാക്കളും പരസ്പരം ചോദ്യങ്ങൾ നേരിടണമെന്നാണ് രാഹുലിന്റെ നിർദേശം.
വിദേശബന്ധങ്ങളിൽ തുറന്ന ചർച്ച വേണം
‘ഞാൻ നിങ്ങളെ വെല്ലുവിളിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു മോദിജീ. പ്രതിപക്ഷം രാജ്യവിരുദ്ധരാണെന്നാണ് നിങ്ങൾ പറയുന്നത്. ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളതെന്നും ആ ബന്ധത്തിന്റെ സ്വഭാവം എന്താണെന്നും നമുക്ക് സംവാദം നടത്താം. ഏത് വേദിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എത്രയും വേഗം നമുക്കിത് ചെയ്യാം. ഭയപ്പെടേണ്ട’ എന്നായിരുന്നു രാഹുലിന്റെ എക്സ് പോസ്റ്റ്.
വിദേശബന്ധങ്ങൾക്കു പുറമേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, കാബിനറ്റ് കൂടിയാലോചനകളുടെ അഭാവം, അദാനി വിഷയം, എപ്സ്റ്റീൻ വിവാദം എന്നിവയും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് രാഹുൽ അറിയിച്ചു. വിഷയങ്ങളിൽ സുതാര്യമായ ചർച്ചയിലൂടെ സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം കുറിച്ചു.
മാനനഷ്ടക്കേസും ചർച്ചയിൽ
തനിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 45 ഓളം മാനനഷ്ടക്കേസുകൾ നിലവിലുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. വിദേശബന്ധങ്ങളെക്കുറിച്ച് താൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതുവരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.
ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് ഫയൽ ചെയ്യാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ, കടുത്ത വിമർശനങ്ങൾക്കൊടുവിൽ മോദിക്ക് ദീപാവലി ആശംസകൾ നേർന്നാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
English Summary : Lok Sabha Opposition Leader Rahul Gandhi has once again challenged Prime Minister Narendra Modi to a public debate on foreign relations, national interests and government policies. He said the discussion could be held at any venue chosen by Modi and include issues such as the US trade deal, the Adani controversy and the Epstein case. Rahul also questioned why no defamation case had been filed against him over his allegations concerning foreign links.
