ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിലും ഫിറ്റ്നസ് പരിശീലനം തുടരുന്ന നടി സമാന്തയുടെ വിഡിയോ ശ്രദ്ധ നേടുന്നു. ഒൻപതാം മാസത്തിലും ജിമ്മിൽ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘9. ദി ഫൈനൽ ലാപ്’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രസിദ്ധീകരിച്ചത്. ഗർഭകാലത്തും ശാരീരികക്ഷമത നിലനിർത്താനുള്ള സമാന്തയുടെ ശ്രമമാണ് ശ്രദ്ധേയമാകുന്നത്.
കഠിനമായ ലക്ഷ്യങ്ങൾ നേടുന്നതിനേക്കാൾ ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കി വ്യായാമം ചെയ്യുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കുന്നു.
ഗർഭകാലത്ത് വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഡോക്ടറുടെ ഉപദേശവും പ്രൊഫഷണൽ പരിശീലനവും തേടേണ്ടതിന്റെ ആവശ്യകതയും സമാന്ത ഓർമിപ്പിക്കുന്നു.
ഇതോടെ ഗർഭകാലത്ത് വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളും സുരക്ഷിതമായി പരിശീലിക്കേണ്ട രീതികളും വീണ്ടും ചർച്ചയാകുകയാണ്.
ഗർഭകാല വ്യായാമം നൽകുന്ന ഗുണങ്ങൾ
ഗർഭിണികൾ വ്യായാമം ചെയ്യരുതെന്ന ധാരണ വ്യാപകമാണ്. എന്നാൽ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ കൃത്യമായ വ്യായാമങ്ങൾ ചെയ്യുന്നത് ഗർഭകാലത്തെ പല അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.
കാലിലെ മസിൽ വലിവ്, കൈകാലുകളിലെ നീര്, ക്ഷീണം, അമിതഭാരം, വെരിക്കോസ് വെയിൻ, മലബന്ധം, ഉറക്കമില്ലായ്മ, നടുവേദന, മാനസിക സമ്മർദം എന്നിവ നിയന്ത്രിക്കാൻ വ്യായാമം സഹായകമാണ്.
രക്തസമ്മർദം, ഗർഭകാല പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും വ്യായാമം പ്രയോജനപ്പെടാം. പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാനും പ്രസവസമയം കുറയ്ക്കാനും പ്രസവശേഷം ശരീരം വേഗത്തിൽ വീണ്ടെടുക്കാനും ഇത് സഹായിക്കും.
ഡോക്ടറുടെ അനുമതി നിർബന്ധം
എല്ലാ ഗർഭിണികൾക്കും ഒരേ രീതിയിലുള്ള വ്യായാമങ്ങൾ അനുയോജ്യമാകണമെന്നില്ല. മാസം തികയാതെയുള്ള പ്രസവസാധ്യതയുള്ളവർ, രക്തസ്രാവമുള്ളവർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ വ്യായാമം ഒഴിവാക്കണം.
അതിനാൽ പരിശീലനം ആരംഭിക്കുന്നതിന് മുൻപ് ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടത് അനിവാര്യമാണ്.ഡോക്ടറുടെ അനുമതി ലഭിച്ചാലും കഠിനമായ വ്യായാമങ്ങളിലേക്ക് പെട്ടെന്ന് കടക്കരുത്.
ഗർഭകാലത്ത് ശരീരഭാരം വർധിക്കുന്നതിനൊപ്പം നട്ടെല്ലിനും ഇടുപ്പിനും കാലുകൾക്കും അധികഭാരം അനുഭവപ്പെടും. കുഞ്ഞിന്റെ വളർച്ചയ്ക്കനുസരിച്ച് ശരീരത്തിന്റെ ഗുരുത്വകേന്ദ്രത്തിലും മാറ്റമുണ്ടാകും.
ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാം.ഗർഭകാല ഹോർമോണുകളുടെ സ്വാധീനത്തിൽ സന്ധികൾക്ക് താങ്ങുനൽകുന്ന ലിഗമെന്റുകൾ അയയുന്നതും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും പരിക്കുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
അതിനാൽ ഗർഭധാരണത്തിന് മുൻപ് ചെയ്തിരുന്ന അതേ തീവ്രതയിൽ വ്യായാമം തുടരരുത്.
ഏതൊക്കെ വ്യായാമങ്ങൾ ചെയ്യാം?
ഗർഭധാരണത്തിന് മുൻപ് പതിവായി വ്യായാമം ചെയ്തിരുന്നവർക്ക് ആവശ്യമായ മാറ്റങ്ങളോടെ പരിശീലനം തുടരാം. ആദ്യ ത്രൈമാസത്തിൽ ആഴ്ചയിൽ മൂന്ന്–നാല് ദിവസം, ഓരോ ദിവസവും 30–45 മിനിറ്റ് വ്യായാമം ചെയ്യാം.
നേരത്തേ വ്യായാമശീലമില്ലാത്തവർ അഞ്ചോ പത്തോ മിനിറ്റ് നീളുന്ന ചെറിയ സെഷനുകളിൽ തുടങ്ങി ക്രമേണ സമയം വർധിപ്പിക്കണം. രണ്ടും മൂന്നും ത്രൈമാസങ്ങളിൽ വ്യായാമത്തിന്റെ ദൈർഘ്യവും തീവ്രതയും കുറയ്ക്കണം.
നടത്തം, നീന്തൽ, സൈക്ലിങ്, യോഗ, ലളിതമായ എയറോബിക് പരിശീലനം, ഡാൻസ് വർക്കൗട്ട്, റെസിസ്റ്റൻസ് ട്രെയിനിങ് എന്നിവ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ചെയ്യാം. ഓട്ടം, ചാട്ടം, സ്കിപ്പിങ് തുടങ്ങിയ ഉയർന്ന ആഘാതമുള്ള വ്യായാമങ്ങളും ശരീരം അമിതമായി വളയ്ക്കുന്ന ചലനങ്ങളും ഒഴിവാക്കണം.
ആദ്യ ത്രൈമാസത്തിന് ശേഷം മലർന്നു കിടന്നുള്ള വ്യായാമങ്ങളും ദീർഘനേരം നിന്നുകൊണ്ടുള്ള പരിശീലനങ്ങളും ഒഴിവാക്കണം. കൂടുതൽ ഭാരം ഉയർത്തുന്നതും വയറിലെ പേശികൾക്ക് അമിത സമ്മർദം നൽകുന്നതുമായ വ്യായാമങ്ങളും ചെയ്യരുത്.
പരിശീലനം എപ്പോഴും ഫിറ്റ്നസ് വിദഗ്ധന്റെ നിർദേശപ്രകാരം ക്രമീകരിക്കണം.
വ്യായാമത്തിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭകാലത്തെ നടുവേദന കുറയ്ക്കാനും പ്രസവത്തിന് ശരീരത്തെ സജ്ജമാക്കാനും കോർ മസിലുകളുടെയും പെൽവിക് ഫ്ലോർ പേശികളുടെയും പരിശീലനം സഹായിക്കും. ചൂടും ഈർപ്പവും കൂടുതലുള്ള സമയങ്ങളിൽ വ്യായാമം ഒഴിവാക്കി രാവിലെയോ വൈകിട്ടോ പരിശീലനം നടത്താം.
ആവശ്യത്തിന് വെള്ളം കുടിക്കുകയും അയഞ്ഞ വസ്ത്രങ്ങളും ശരിയായ പിന്തുണ നൽകുന്ന ബ്രായും ധരിക്കുകയും വേണം.
വ്യായാമത്തിനിടെ ശ്വാസമെടുക്കാൻ അമിത ബുദ്ധിമുട്ടുണ്ടാകാത്ത തീവ്രതയാണ് തിരഞ്ഞെടുക്കേണ്ടത്. സംസാരിക്കാൻ കഴിയുന്ന തരത്തിലുള്ള വേഗതയും തീവ്രതയും നിലനിർത്തണം.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയോ പേശികൾ വർധിപ്പിക്കുകയോ അല്ല, ആരോഗ്യം നിലനിർത്തുകയാണ് ഗർഭകാലത്തെ വ്യായാമത്തിന്റെ ലക്ഷ്യം.
ഈ ലക്ഷണങ്ങളുണ്ടെങ്കിൽ വ്യായാമം നിർത്തണം
വ്യായാമത്തിനിടെ ഗർഭപാത്രം സങ്കോചിക്കുന്നതായി തോന്നുക, നെഞ്ചുവേദന, തലകറക്കം, തലവേദന, രക്തസ്രാവം, ദ്രാവകം പുറത്തുപോകൽ, അമിത ക്ഷീണം, കാൽവണ്ണയിൽ നീരോ വേദനയോ, കുഞ്ഞിന്റെ ചലനങ്ങളിൽ മാറ്റം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വ്യായാമം നിർത്തണം.
തുടർന്ന് ഡോക്ടറുടെ സഹായം തേടുകയും വേണം.ഓരോ മാസവും ആവശ്യമായ ശരീരഭാരം വർധിക്കുന്നില്ലെങ്കിൽ വ്യായാമം തുടരുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം. ഗർഭകാലത്ത് വ്യായാമം ചെയ്യുമ്പോൾ വ്യക്തിയുടെ ആരോഗ്യസ്ഥിതിക്കും ഗർഭകാല ഘട്ടത്തിനും അനുസരിച്ചുള്ള മുൻകരുതലുകൾ പാലിക്കുകയാണ് പ്രധാനം.
English Summary : Actress Samantha has drawn attention by sharing a gym workout video from her ninth month of pregnancy. She emphasised listening to the body’s signals rather than pursuing strenuous fitness goals. The report highlights the benefits of exercise during pregnancy, suitable workout options, necessary precautions and warning signs that require medical attention.
