ബെയ്ജിങ്: ചൈനയിലെ ഫ്യൂജിയൻ പ്രവിശ്യയിൽ ഫ്ലാറ്റിന്റെ 12-ാം നിലയിലെ ജനൽക്കമ്പികൾക്കിടയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഷാങ്പിങ് നഗരത്തിലാണ് സംഭവം. കുഞ്ഞ് താഴേക്ക് വീഴാതിരിക്കാൻ അയൽവാസികളും സുരക്ഷാ ജീവനക്കാരും നടത്തിയ സമയോചിത ഇടപെടലിനൊടുവിൽ അഗ്നിരക്ഷാസേന കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉറക്കമുണർന്ന കുഞ്ഞ് ജനലിലൂടെ പുറത്തേക്ക്
സംഭവസമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് പ്രദേശവാസികളെയും അധികൃതരെയും ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു.
കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെ സാധനങ്ങൾ വാങ്ങാനായി അമ്മ പുറത്തുപോയതായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന കുട്ടി ജനൽഗ്രില്ലിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തല കമ്പികൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
കുഞ്ഞ് അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഒരു താമസക്കാരൻ ഉടൻ സഹായം തേടി. ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ഗ്രൂപ്പ് ചാറ്റിൽ കുട്ടിയുടെ ചിത്രവും പങ്കുവച്ചു.
ഇരുകൈകളും ഉപയോഗിച്ച് ജനൽഗ്രില്ലിൽ മുറുകെപ്പിടിച്ച് ശരീരം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യം ഭീതിയുണർത്തുന്നതായിരുന്നു.
കുഞ്ഞിന് താങ്ങായി അയൽവാസികൾ
വിവരമറിഞ്ഞയുടൻ സുരക്ഷാ ജീവനക്കാരും ഫ്ലാറ്റ് മാനേജ്മെന്റ് ജീവനക്കാരും കുട്ടിയുടെ ഫ്ലാറ്റിന് തൊട്ടുതാഴെയുള്ള നിലയിലേക്ക് ഓടിയെത്തി. ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.
താഴത്തെ ഫ്ലാറ്റുകളിലെ രണ്ടു വ്യത്യസ്ത ജനലുകളിലൂടെ പുറത്തേക്ക് ചാഞ്ഞുനിന്ന രണ്ടുപേർ കുട്ടിയുടെ പാദങ്ങൾക്ക് താഴെ താങ്ങായി ഒരു വസ്തു വച്ചുനൽകി.അഗ്നിരക്ഷാസേന എത്തുന്നതുവരെ കുഞ്ഞിന് താങ്ങായത് ഇവരുടെ സമയോചിതമായ ഇടപെടലാണ്.
കുട്ടി താഴേക്ക് വീഴാതിരിക്കാൻ അയൽവാസികൾ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വാതിൽ തുറന്ന് അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനം
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കുട്ടിയുടെ ഫ്ലാറ്റിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകയറി. ജനൽക്കമ്പികൾക്കിടയിൽ കുടുങ്ങിയ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.കുട്ടിക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അയൽവാസികളുടെയും സുരക്ഷാ ജീവനക്കാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലാണ് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സഹായിച്ചത്.
English Summary : A three-year-old girl was rescued after her head became trapped between window bars on the 12th floor of an apartment building in Zhangping, Fujian Province, China. Neighbours and security personnel supported her from the floor below until firefighters arrived and rescued her. The child was taken to hospital for a medical examination, and reports said she had not sustained any injuries.
