ന്യൂഡൽഹി : ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഇന്ന് പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയിൽനിന്ന് ന്യൂസീലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഇനം ഉൽപന്നങ്ങൾക്ക് തീരുവ നൽകേണ്ടിവരില്ല.
അതേസമയം, ന്യൂസീലൻഡിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 70.03 ശതമാനം ഇനങ്ങൾക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസീലൻഡ് വിപണിയിൽ കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് കരാർ.
8,284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവയില്ല
ഇതുവരെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസീലൻഡ് ശരാശരി 2.2 ശതമാനം തീരുവയാണ് ഈടാക്കിയിരുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ എന്നിവയുൾപ്പെടെ 450 ഇനം ഉൽപന്നങ്ങൾക്ക് 10 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു.
പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽനിന്നുള്ള 8,284 ഇനം ഉൽപന്നങ്ങൾക്ക് തീരുവയില്ലാതെ ന്യൂസീലൻഡ് വിപണിയിലെത്താനാകും.ന്യൂസീലൻഡിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തിൽ ആകെ ഇനങ്ങളുടെ 70.03 ശതമാനത്തിനും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
ഇത് മൊത്തം ഇറക്കുമതിമൂല്യത്തിന്റെ 95 ശതമാനത്തിന് തുല്യമാണ്. ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനത്തിൽനിന്ന് ഘട്ടംഘട്ടമായി 9.06 ശതമാനമായി കുറയും.
ആപ്പിൾ ഇറക്കുമതിക്ക് ക്വോട്ട
ന്യൂസീലൻഡിൽനിന്ന് ഇന്ത്യയിലേക്കുള്ള ആപ്പിൾ, കിവിപ്പഴം, തേൻ തുടങ്ങിയ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ക്വോട്ട ഏർപ്പെടുത്തും. ആപ്പിളിന് ആദ്യവർഷം ക്വോട്ട നിയന്ത്രണമുണ്ടാകില്ല.
രണ്ടാംവർഷം മുതൽ ഇറക്കുമതി അളവ് 35,000 ടണ്ണായി പരിമിതപ്പെടുത്തും.മൂന്നാംവർഷം 37,500 ടണ്ണായും നാലാംവർഷം 40,000 ടണ്ണായും അഞ്ചാംവർഷം 42,500 ടണ്ണായും ക്വോട്ട ഉയരും. ആറാംവർഷം മുതൽ പ്രതിവർഷം 45,000 ടൺ ആപ്പിൾ ഇറക്കുമതി ചെയ്യാനാകും.
ഇന്ത്യക്കാർക്ക് താൽക്കാലിക തൊഴിൽ വീസ
വ്യാപാരക്കരാറിന്റെ ഭാഗമായി പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് മൂന്നുവർഷത്തെ താൽക്കാലിക തൊഴിൽ വീസ ലഭിക്കും. ഇതിൽ 1,446 വീസകൾ ന്യൂസീലൻഡിൽ ജീവനക്കാരുടെ ആവശ്യകത കൂടുതലുള്ള 13 നൈപുണ്യ മേഖലകളിലേക്കായിരിക്കും.
മെഡിക്കൽ, എൻജിനീയറിങ്, നിർമാണ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.യോഗ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷനർമാർ തുടങ്ങിയവർക്കായി 500 വീസകളും അനുവദിക്കും. ഇത്തരം വീസകളുടെ എണ്ണം ഏതുസമയത്തും പരമാവധി 5,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
English Summary : The India-New Zealand Free Trade Agreement will come into effect today, eliminating tariffs on 8,284 categories of Indian exports to New Zealand. India will reduce or eliminate tariffs on 70.03% of import categories from New Zealand, with quotas for products including apples, kiwifruit and honey. The agreement will also provide temporary three-year work visas for Indian nationals.
