കോതമംഗലം: കോതമംഗലത്തും സമീപ പ്രദേശങ്ങളിലും തുടർച്ചയായി മോഷണവും മോഷണശ്രമങ്ങളും റിപ്പോർട്ട് ചെയ്തതോടെ നാട്ടുകാർ ആശങ്കയിൽ.
നാലിടങ്ങളിലായാണ് സംഭവങ്ങൾ ഉണ്ടായത്. പോത്താനിക്കാട് ഇല്ലിച്ചുവടിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് ഇലക്ട്രിക് ചെമ്പുവയറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാൾ സ്വദേശി മെഹബുൽ ഷാദാർ (40), മോഷണമുതൽ വാങ്ങിയ കാലാമ്പൂർ അഞ്ചൽപെട്ടിയിലെ ആക്രിക്കട ഉടമ പുത്തൻപുരയിൽ ഷെമീർ (43) എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്.
ഇല്ലിച്ചുവടിൽ ചെമ്പുവയർ മോഷണം; രണ്ടുപേർ പിടിയിൽ
പോത്താനിക്കാട് ഇല്ലിച്ചുവടിൽ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽനിന്നാണ് ഇലക്ട്രിക് ചെമ്പുവയറുകൾ മോഷണം പോയത്.
വീടിന്റെ വെൽഡിങ് ജോലികൾ കരാറെടുത്തിരുന്ന പുളിന്താനം സ്വദേശി പ്രദീപാണ് മോഷണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയെന്ന് സംശയിക്കുന്ന മെഹബുൽ ഷാദാറിനെയും മോഷണമുതൽ വാങ്ങിയ ഷെമീറിനെയും പിടികൂടിയത്.
എസ്.എച്ച്.ഒ സി.ആർ. രഞ്ജുമോൾ, എസ്.ഐ നിജു കെ. ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തങ്കളത്ത് വീട്ടിൽ മോഷണശ്രമം
തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങമ്പിള്ളിൽ കെ.എം. ഏലിയാസിന്റെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
പുറത്തുപോയിരുന്ന വീട്ടുടമ സിസിടിവി ദൃശ്യങ്ങളിലൂടെ മോഷ്ടാവിനെ കണ്ടെത്തി അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികൾ സ്ഥലത്തെത്തിയതോടെ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
പല്ലാരിമംഗലത്ത് രണ്ട് പള്ളികളിലെ ഭണ്ഡാരം കവർന്നു
പല്ലാരിമംഗലം വെയ്റ്റിങ് ഷെഡ് കവലയിലെ ദാറുൽ ഇസ്ലാം ജമാഅത്ത് പള്ളിയുടെയും മുബാറക് മസ്ജിദിന്റെയും ഭണ്ഡാരങ്ങളാണ് ഞായറാഴ്ച രാത്രി കവർന്നത്. രണ്ട് ഭണ്ഡാരങ്ങളുടെയും താഴ് തകർത്താണ് പണം അപഹരിച്ചത്.
സംഭവത്തിൽ മോഷ്ടാക്കൾ എത്ര രൂപ കവർന്നുവെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
പുളിന്താനത്ത് ജനൽ തകർത്ത് മോഷണശ്രമം
പുളിന്താനം സെന്റ് ജോൺസ് പള്ളിക്ക് സമീപം ഉന്നത്തുംവീട്ടിൽ കുര്യന്റെ വീട്ടിലും ഞായറാഴ്ച മോഷണശ്രമം നടന്നു. വൈകിട്ട് ആറരയോടെ വീട് പൂട്ടി കുടുംബം പള്ളിയിലെ പെരുന്നാളിന് പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് ജനൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
വീടിന് പുറത്തിരുന്ന കോടാലി ഉപയോഗിച്ചാണ് മരംകൊണ്ടുള്ള ജനൽ അഴികൾ തകർത്തത്. മോഷ്ടാവ് വീടിനുള്ളിൽ കടന്നെങ്കിലും അലമാരകളോ മേശകളോ പൊളിച്ചിട്ടില്ല. അടച്ചിട്ടിരുന്ന വാതിലുകളെല്ലാം തുറന്ന നിലയിലായിരുന്നു.
സമീപത്ത് താമസിക്കുന്ന ബന്ധു രാത്രി ഒൻപതോടെ വാഹനവുമായി വീട്ടിലേക്ക് വരുന്നത് കണ്ടതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
മോഷണപരമ്പരയിൽ ആശങ്കയോടെ നാട്ടുകാർ
നഗരത്തിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി മോഷണവും മോഷണശ്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശങ്ങളിൽ രാത്രികാല നിരീക്ഷണവും സുരക്ഷാ നടപടികളും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary:
A series of thefts and attempted burglaries has been reported at four locations in and around Kothamangalam, causing concern among residents. Two people were arrested in connection with the theft of electrical copper wires from a house under construction at Illichuvadu, Pothanikkad. The accused are identified as Mehboob Shadar, 40, and scrap shop owner Shameer, 43, who allegedly purchased the stolen material. Separate incidents include an attempted burglary at a house in Thangalam, the theft of money from donation boxes at two mosques in Pallaarimangalam, and an attempted break-in at a house in Pulinthanam. Police investigations are continuing.
