സാമൂഹികമാധ്യമത്തിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്രകാരനും നടനുമായ അനുരാഗ് കശ്യപിനെതിരെ സൂറത്ത് കോടതി ജാമ്യവാറന്റ് പുറപ്പെടുവിച്ചു.
ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിലാണ് ഗുജറാത്തിലെ കോടതിയുടെ നടപടി.
പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.
സമൻസ് അവഗണിച്ചു; കോടതി നടപടി
സൂറത്ത് അഡീഷണൽ ചീഫ് ജുഡീഷ്യൽ ജഡ്ജി ജെ.വി. ചൗഹാനാണ് ജാമ്യത്തിൽ ഇറങ്ങാവുന്ന വാറന്റ് പുറപ്പെടുവിച്ചത്.
പത്രത്തിൽ പരസ്യം നൽകിയതുൾപ്പെടെ പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് കശ്യപ് കോടതിയിൽ ഹാജരായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
തുടർവാദം കേൾക്കുന്നതിനായി കേസ് ഡിസംബർ 24ലേക്ക് മാറ്റിയിട്ടുണ്ട്.
പരാതിക്ക് ആധാരം 2025ലെ എക്സ് പോസ്റ്റ്
ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ ലീഗൽ അഡ്വൈസറായ അഭിഭാഷകൻ കമലേഷ് റാവലാണ് കോടതിയിൽ ഹർജി നൽകിയത്.
2025 ഏപ്രിലിൽ അനുരാഗ് കശ്യപ് എക്സിൽ പങ്കുവെച്ച പോസ്റ്റാണ് പരാതിക്ക് ആധാരം.
സാമൂഹികമാധ്യമത്തിൽ ഒരാളുമായി നടത്തിയ വാദപ്രതിവാദത്തിനിടെ ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം.
ഭാരതീയ ന്യായ സംഹിതയിലെ 192, 352, 352(2) വകുപ്പുകൾ പ്രകാരം കശ്യപിനെതിരെ കേസെടുക്കാൻ കഴിഞ്ഞ മേയിൽ കോടതി ഉത്തരവിട്ടിരുന്നു.
വിവാദ പരാമർശത്തിന് പിന്നാലെ ക്ഷമാപണം
സാമൂഹിക പരിഷ്കർത്താക്കളായ ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായി ഫൂലെയുടെയും ജീവിതകഥ പറയുന്ന ആനന്ദ് മഹാദേവൻ ചിത്രം ‘ഫൂലെ’യുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
ചിത്രവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകുന്നതിനിടെയാണ് ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കുമെന്ന തരത്തിലുള്ള പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവം വിവാദമായതോടെ അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു.
പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമാപണം നടത്തിയ അനുരാഗ് കശ്യപ്, ദേഷ്യത്തിൽ സംസാരിച്ചപ്പോൾ അതിരുകടന്നുപോയെന്നും ബ്രാഹ്മണ സമുദായത്തോടും സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
English Summary:
A Surat court in Gujarat has issued a bailable warrant against filmmaker and actor Anurag Kashyap in a case over alleged derogatory remarks about the Brahmin community on social media. The warrant was issued after repeated summons reportedly went unanswered. The case is scheduled for further hearing on December 24. The complaint relates to an X post shared in April 2025. Kashyap had later deleted the post and apologised on Instagram.
