കൊച്ചി: ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ റെക്കോർഡ്. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴി ഒരു മാസത്തെ ശരാശരി പ്രതിദിന ഇടപാടുമൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. ഉത്സവകാലത്തെ വാങ്ങലുകളും ഓൺലൈൻ വിൽപ്പനയും യു.പി.ഐ ഇടപാടുകളുടെ വളർച്ചയ്ക്ക് വേഗം പകർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ 2547 കോടി ഇടപാടുകൾ
ഒക്ടോബറിൽ രാജ്യത്ത് ആകെ 2547 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 2070 കോടി ഇടപാടുകളെ അപേക്ഷിച്ച് 23 ശതമാനമാണ് വർധന.
ഇടപാടുകളുടെ ആകെ മൂല്യം 16 ശതമാനം ഉയർന്ന് 31.53 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 27.27 ലക്ഷം കോടി രൂപയായിരുന്നു. പ്രതിദിനം ശരാശരി 82.2 കോടി ഇടപാടുകൾ നടന്നതും പുതിയ റെക്കോർഡായി.
സെപ്റ്റംബറിനെയും മറികടന്ന് വളർച്ച
സെപ്റ്റംബറിൽ 2406 കോടി യു.പി.ഐ ഇടപാടുകളിലൂടെ 29.37 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിൽ ഇടപാടുകളുടെ എണ്ണത്തിലും ആകെ മൂല്യത്തിലും വർധനയുണ്ടായി.
ദൈനംദിന ചെലവുകൾക്ക് മാത്രമല്ല, കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനും ഉപഭോക്താക്കൾ യു.പി.ഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പേയ്മെന്റ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. ഉത്സവകാലത്തെ വ്യാപാരവും ഓൺലൈൻ വിൽപ്പനയും ഈ വളർച്ചയ്ക്ക് പിന്തുണയായി.
എം.ഡി.ആർ ഏർപ്പെടുത്തുന്നത് വളർച്ചയെ ബാധിക്കുമോ?
യു.പി.ഐ ഇടപാടുകളുടെ വളർച്ചയ്ക്കിടെ വ്യാപാരി ഡിസ്കൗണ്ട് നിരക്ക് (എം.ഡി.ആർ) സംബന്ധിച്ച നിർദേശവും ചർച്ചയാകുന്നുണ്ട്. ചില വ്യാപാര ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗത്തെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
അതേസമയം, യു.പി.ഐ സംവിധാനം നിലനിർത്താനും കൂടുതൽ വികസിപ്പിക്കാനും ആവശ്യമായ വരുമാനം കണ്ടെത്തേണ്ടതുണ്ട്. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ചെലവുകുറഞ്ഞ ഇടപാടുകൾ ഉറപ്പാക്കുന്നതിനൊപ്പം പേയ്മെന്റ് സംവിധാനത്തിന്റെ സാമ്പത്തിക നിലനിൽപ്പും ഉറപ്പാക്കുക എന്നതാണ് മേഖലയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
English Summary: India’s UPI transactions reached a record in October, with 25.47 billion transactions worth ₹31.53 lakh crore. The average daily transaction value crossed ₹1 lakh crore for the first time on a monthly average basis. Experts also warn that merchant discount rate proposals could affect the growth of digital payments.
