facebook

3.74 കോടിയുടെ എസ്.യു.വി.; പുതിയ മെഴ്‌സിഡീസ് ജി63 എ.എം.ജി. സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ

2 Min Read

പുതിയ ആഡംബര എസ്.യു.വി. സ്വന്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. മെഴ്‌സിഡീസ് ബെൻസിന്റെ കരുത്തുറ്റ മോഡലുകളിലൊന്നായ ജി63 എ.എം.ജിയുടെ റൂബെലൈറ്റ് റെഡ് മെറ്റാലിക് നിറത്തിലുള്ള പതിപ്പാണ് താരം സ്വന്തമാക്കിയത്. ഏകദേശം 3.74 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നടൻ ഫഹദ് ഫാസിൽ ഉൾപ്പെടെ രാജ്യത്തെ നിരവധി സെലിബ്രിറ്റികൾ ഇതിനകം ഈ മോഡൽ സ്വന്തമാക്കിയിട്ടുണ്ട്.

കരുത്തിന്റെ പ്രതീകമായി ജി63 എ.എം.ജി

മെഴ്‌സിഡീസ് ബെൻസിന്റെ പാരമ്പര്യമുള്ള ജി-ക്ലാസ് ശ്രേണിയിലെ മോഡലാണ് ജി63 എ.എം.ജി. ലാഡർ ഫ്രെയിം ഷാസിയിൽ ബോക്‌സി ഡിസൈനിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

കരുത്തുറ്റ എൻജിനൊപ്പം ആധുനിക സുരക്ഷാ സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളും വാഹനത്തിന്റെ പ്രത്യേകതകളാണ്.4.0 ലിറ്റർ വി8 ബൈ-ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

585 ബി.എച്ച്.പി. പരമാവധി കരുത്തും 850 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എൻജിനാകും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. നിശ്ചലാവസ്ഥയിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.2 സെക്കൻഡ് മതി.

സ്പോർട്ടി ഡിസൈനിൽ ജി63 എ.എം.ജി

മെഴ്‌സിഡീസിന്റെ ലോഗോ പതിപ്പിച്ച പനമേരിക്കാന ഗ്രില്ലാണ് വാഹനത്തിന്റെ മുൻഭാഗത്തെ പ്രധാന ആകർഷണം. വൃത്താകൃതിയിലുള്ള ഡി.ആർ.എൽ. സംവിധാനത്തോടുകൂടിയ ഹെഡ്‌ലാമ്പുകൾ, വലിയ എയർ ഇൻടേക്ക്, എ.എം.ജി. വീൽ ആർച്ചുകൾ എന്നിവയും ഡിസൈനിന് പ്രത്യേകത നൽകുന്നു.

22 ഇഞ്ച് വലിപ്പമുള്ള എ.എം.ജി. അലോയ് വീലുകളും ബോണറ്റിലെ എ.എം.ജി. ബാഡ്ജിങ്ങും വാഹനത്തിന്റെ സ്പോർട്ടി രൂപത്തിന് മാറ്റുകൂട്ടുന്നു.

ആഡംബര സൗകര്യങ്ങളുമായി അകത്തളം

ആഡംബരത്തിന് പ്രാധാന്യം നൽകിയാണ് ജി63 എ.എം.ജിയുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. എം.ബി.യു.എക്സ്. മൾട്ടിമീഡിയ സിസ്റ്റം, ഓഫ്‌റോഡ് ഡിസ്പ്ലേ ഉൾപ്പെടുന്ന ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷൻ സംവിധാനം എന്നിവയാണ് പ്രധാന സാങ്കേതിക സവിശേഷതകൾ.

നാപ്പ ലെതറിൽ ഒരുക്കിയ മൾട്ടികളർ സീറ്റുകൾ, ലെതർ ആവരണമുള്ള പാനലുകൾ, ബർമസ്റ്റർ ത്രീഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകൾ, പാസഞ്ചർ എന്റർടെയ്ൻമെന്റ് സ്ക്രീൻ എന്നിവയും അകത്തളത്തിലെ ആകർഷണങ്ങളാണ്.

English Summary : Actor Kunchacko Boban has acquired a Mercedes-Benz G63 AMG in Rubellite Red Metallic. The luxury SUV has an approximate ex-showroom price of ₹3.74 crore. Powered by a 4.0-litre V8 biturbo petrol engine, it produces 585 bhp and 850 Nm of torque.

Share This Article