കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തെത്തുടർന്ന് സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
മാപ്പ് എഴുതി നൽകിയാൽ ഇവർക്ക് പഠനം തുടരാം. അതേസമയം, അഭിജിത്ത്, ശ്യാംജിത്ത്, ശ്രദ്ധ, അർച്ചന എന്നീ നാലു വിദ്യാർഥികളുടെ സസ്പെൻഷൻ രണ്ടുമാസത്തേക്കുകൂടി നീട്ടി. സസ്പെൻഷൻ കാലയളവിലും അച്ചടക്കലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി.
16 വിദ്യാർഥികളും കുറ്റക്കാരെന്ന് അച്ചടക്ക സമിതി
സർവകലാശാല നിയോഗിച്ച അച്ചടക്ക സമിതി 16 വിദ്യാർഥികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് യോഗം തുടർനടപടികൾ തീരുമാനിച്ചത്.
എന്നാൽ മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്. കാലടി സർവകലാശാലയിൽ വിദ്യാർഥികളെ വേട്ടയാടുകയാണെന്നും സംഘടന ആരോപിച്ചു.
വിദ്യാർഥികളെ കാണുമ്പോൾ ഹാലിളകുന്ന വിസിയെ അടിച്ചു പുറത്താക്കണമെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞത്.
മന്ത്രിക്കെതിരെ എസ്എഫ്ഐ; മറുപടിയുമായി റോജി എം. ജോൺ
അതേസമയം, കാലടിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും സിപിഎമ്മിന്റെ ക്ലാസ് ആവശ്യമില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചു.
ഓഫീസിലേക്കോ വീട്ടിലേക്കോ സമരം നടത്തിക്കോട്ടെയെന്നും സംഘപരിവാർ നിലപാട് സ്വീകരിക്കുന്നത് ആരാണെന്ന് തനിക്കറിയാമെന്നും മന്ത്രി പറഞ്ഞു.
മഹാരാജാസിൽ എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ
അതിനിടെ, മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനെത്തിയ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും നടപടിയുണ്ടായി.
യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസ്തുൽ മിസ്രിയ എന്നിവരെ പത്തുദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
ഇന്ന് ചേർന്ന കോളജ് കൗൺസിൽ യോഗമാണ് നടപടിയെടുത്തത്. തീരുമാനത്തിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കോളജിൽ പ്രതിഷേധിച്ചു.
English Summary : Kalady University has decided to reinstate 12 of the 16 suspended students if they submit written apologies following protests against Vice Chancellor C.S. Thomas. The suspension of four students has been extended by two months over alleged disciplinary violations. Meanwhile, SFI state secretary P.S. Sanjeev criticised the university’s action, while Higher Education Minister Roji M. John responded to the controversy. At Maharaja’s College, two SFI student union leaders were suspended for ten days following protests against the minister.
