തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കേരളപ്പിറവി ദിനമായ ഞായറാഴ്ച സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് പുരസ്കാരം പ്രഖ്യാപിച്ചത്.കെ.ജി. ശങ്കരപ്പിള്ള അധ്യക്ഷനായ ജൂറിയാണ് മേതിൽ രാധാകൃഷ്ണനെ പുരസ്കാര ജേതാവായി തിരഞ്ഞെടുത്തത്.
വേറിട്ട ഭാഷയും ചിന്തയും
പാലക്കാട് സ്വദേശിയായ മേതിൽ രാധാകൃഷ്ണൻ മലയാള സാഹിത്യത്തിൽ തനതായ ഭാഷാശൈലിയും ചിന്തകളും കൊണ്ട് ശ്രദ്ധേയനാണ്.
പൊൻകുന്നം വർക്കിയുടെ ആത്മകഥയായ ‘എന്റെ വഴിത്തിരിവ്’ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം സാഹിത്യരംഗത്ത് ശ്രദ്ധ നേടിയത്.
പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു ഈ ലേഖനം എഴുതിയത്.18-ാം വയസ്സിൽ ‘ഒക്ടോപസിന്റെ ശവം’ എന്ന ആദ്യ ചെറുകഥ രചിച്ചു.
1970-ൽ ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലാണ് ആദ്യ നോവലായ ‘സൂര്യവംശം’ എഴുതിയത്. പിന്നീട് ‘ബ്രാ’, ‘ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി’ എന്നീ നോവലുകളും പ്രസിദ്ധീകരിച്ചു.
രണ്ട് പതിറ്റാണ്ട് എഴുത്തിൽനിന്ന് വിട്ടുനിന്നു
വായനക്കാർ തന്റെ പുസ്തകങ്ങളെ എങ്ങനെ സമീപിക്കണമെന്നും മനസ്സിലാക്കണമെന്നും വിശദീകരിക്കുന്ന കൈപ്പുസ്തകവും മേതിൽ രാധാകൃഷ്ണൻ രചിച്ചിട്ടുണ്ട്.
തുടർന്ന് ഏകദേശം 20 വർഷത്തോളം എഴുത്തിൽനിന്ന് വിട്ടുനിന്ന അദ്ദേഹം നോർവീജിയൻ ഷിപ്പിങ് കമ്പനിയിൽ കമ്പ്യൂട്ടർ വിദഗ്ധനായി ജോലി ചെയ്തു.1990-കളിൽ ‘ഡിലൻ തോമസിന്റെ പന്ത്’ എന്ന കൃതിയിലൂടെ സാഹിത്യരംഗത്തേക്ക് തിരിച്ചെത്തി.
അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പേരുകളിൽ പോലും വ്യത്യസ്തമായ രചനാശൈലിയും സർഗാത്മകതയും പ്രകടമാണ്.
1993ൽ ആരംഭിച്ച പുരസ്കാരം
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിൽ നൽകുന്ന പുരസ്കാരം 1993ലാണ് ആരംഭിച്ചത്. ശൂരനാട് കുഞ്ഞൻപിള്ളയായിരുന്നു ആദ്യ ജേതാവ്.
കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയായ പുരസ്കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്.
2011ലാണ് പുരസ്കാരത്തുക 50,000 രൂപയിൽനിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയത്. പരിസ്ഥിതി പ്രവർത്തകനായി സ്വയം വിശേഷിപ്പിച്ചിട്ടുള്ള മേതിൽ രാധാകൃഷ്ണൻ, മനുഷ്യരും പഴുതാരകളും ഒരേ ഭാഷയിൽ തന്നോട് സംസാരിക്കാറുണ്ടെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
English Summary : Renowned Malayalam writer Maythil Radhakrishnan has been selected for the Ezhuthachan Award, the Kerala government’s highest literary honour, for his contributions to Malayalam literature. The award carries a cash prize of Rs 5 lakh, a citation and a plaque. The jury was chaired by K.G. Sankara Pillai, and Cultural Affairs Minister P.C. Vishnunath announced the award on Kerala Piravi Day.
