കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ കാർ ഓടിച്ച കുട്ടിയുടെ പിതാവായ അഡീഷനൽ ജഡ്ജിയുടെ പങ്ക് വിശദമായി പരിശോധിച്ച് ക്രൈംബ്രാഞ്ച്. അപകടത്തിന് പിന്നാലെ ജഡ്ജി സ്ഥലത്തെത്തിയതും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് നീക്കം ചെയ്തതുമടക്കമുള്ള ആരോപണങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
ജഡ്ജിയെയും പതിനേഴുകാരനെയും രണ്ടുതവണ ചോദ്യംചെയ്തു
കേസന്വേഷണത്തിന്റെ ഭാഗമായി അഡീഷനൽ ജഡ്ജിയെ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതിനകം രണ്ടുതവണ ചോദ്യംചെയ്തു. അപകടസമയത്ത് കാറിലുണ്ടായിരുന്ന പതിനേഴുകാരനെയും അന്വേഷണസംഘം രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്.
അപകടത്തിന് ശേഷമുള്ള സംഭവങ്ങളിൽ ജഡ്ജിയുടെ ഇടപെടൽ ഉണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ജഡ്ജിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പരിശോധനയിൽ
കേസുമായി ബന്ധപ്പെട്ട വിവിധ തെളിവുകൾ ശേഖരിച്ച് വിശദമായ പരിശോധന തുടരുകയാണ് ക്രൈംബ്രാഞ്ച്. ജഡ്ജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലെയും മൊബൈൽ ഫോണിലെയും വിവരങ്ങൾ സൈബർ വിഭാഗം പരിശോധിച്ചുവരുന്നു.
ഡിജിറ്റൽ തെളിവുകൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പരിശോധനാഫലങ്ങൾ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശം
അതിനിടെ, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ശേഖരിച്ച തെളിവുകളും അന്വേഷണത്തിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തി കേസ് ഡയറി സമർപ്പിക്കാനുള്ള നടപടികളിലാണ് ക്രൈംബ്രാഞ്ച്.
ഡിജിറ്റൽ പരിശോധനയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ അഡീഷനൽ ജഡ്ജിയെ വീണ്ടും ചോദ്യംചെയ്യാനും പതിനേഴുകാരനിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.
English Summary:
The Crime Branch is investigating the alleged role of an Additional Judge whose 17-year-old son was driving the car involved in a fatal accident in Cheranalloor, Kochi. The judge and the teenager have each been questioned twice. Investigators are also examining digital evidence recovered from the judge’s laptop and mobile phone, while preparing to submit the case diary to the court.
