മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ബൈക്കിടിച്ച് വയോധിക മരിച്ച സംഭവത്തിൽ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. അപകടസമയത്ത് വാഹനം മറ്റൊരാൾ ഉപയോഗിച്ചിരുന്നെങ്കിലും രേഖകളിൽ ഉടമയായി തുടരുന്ന വ്യക്തിക്കാണ് നഷ്ടപരിഹാരത്തിന്റെ അന്തിമ ബാധ്യതയെന്ന് മൂവാറ്റുപുഴ ട്രൈബ്യൂണൽ വ്യക്തമാക്കി.
സുമതിയുടെ കുടുംബത്തിന് 14 ലക്ഷം രൂപ
മൂവാറ്റുപുഴ രണ്ടാർ മാടവനപ്പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതി (72) മരിച്ച കേസിലാണ് ഉത്തരവ്. 11,02,000 രൂപ നഷ്ടപരിഹാരവും അതിന്റെ എട്ടു ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് കുടുംബത്തിന് ലഭിക്കുക.
തുക ആദ്യം ഇൻഷുറൻസ് കമ്പനി കുടുംബത്തിന് കൈമാറണം. പിന്നീട് വാഹനത്തിന്റെ രേഖകളിലുള്ള ഉടമയിൽനിന്ന് ഈ തുക ഈടാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അധികാരമുണ്ടെന്നും ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാർ വ്യക്തമാക്കി.
2024 ജൂലൈ 12നായിരുന്നു അപകടം
2024 ജൂലൈ 12നാണ് അപകടം നടന്നത്. മൂവാറ്റുപുഴ ചാലിക്കടവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സുമതിയെ 17കാരൻ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. വെള്ളൂർക്കുന്നം സ്വദേശിയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.
എന്നാൽ അപകടത്തിൽപ്പെട്ട ബൈക്ക് കോതമംഗലം പോത്താനിക്കാട് കൂവള്ളൂർ കല്ലുംപുറത്ത് വീട്ടിൽ അലിയാരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
വാഹനത്തിന്റെ രേഖകളിലുള്ള ഉടമയ്ക്ക് ബാധ്യത
അപകടസമയത്ത് വാഹനം മറ്റൊരാൾ ഉപയോഗിച്ചിരുന്നെങ്കിലും ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറിയിരുന്നില്ല. അതിനാൽ വാഹനത്തിന്റെ രേഖകളിൽ ഉടമയായി തുടരുന്ന അലിയാർക്കാണ് നഷ്ടപരിഹാരത്തിന്റെ ബാധ്യതയെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.
അതേസമയം, അപകടത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിരുന്നു.
മരിച്ച സുമതിയുടെ കുടുംബത്തിനുവേണ്ടി അഡ്വ. എൻ.പി. തങ്കച്ചൻ ഹാജരായി.
English Summary:
The Muvattupuzha Motor Accident Claims Tribunal has ordered compensation of around ₹14 lakh, including interest and legal costs, to the family of Sumathi, a 72-year-old woman who died after being hit by a motorcycle ridden by a minor in July 2024. The tribunal held that the person listed as the vehicle’s registered owner is ultimately liable. The insurance company must initially pay the compensation and can later recover the amount from the registered owner.
