കോഴിക്കോട്: കാഴ്ചയുടെ ലോകം പൂർണമായി തെളിഞ്ഞിട്ടില്ലെങ്കിലും സംഗീതത്തിന്റെ ലോകത്ത് നിറഞ്ഞ താളവും മിഴിവുമായി മുന്നേറുകയാണ് തലക്കളത്തൂർ സ്വദേശി ചഞ്ചൽ. ടിവിയിലെ പാട്ടുപരിപാടികൾ കേട്ട് കുട്ടിക്കാലത്ത് മനസിൽ പതിഞ്ഞ സംഗീതത്തോടുള്ള ഇഷ്ടം ഇന്ന് തബല വായനയിലൂടെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് 26കാരൻ. ഗാനമേളകളിലും ഭജൻസ് പരിപാടികളിലും സജീവമായ ചഞ്ചലിന് സമൂഹമാധ്യമങ്ങളിലും വലിയ ആരാധകവൃന്ദമുണ്ട്.
ചിത്രഗീതം കേട്ട് തുടങ്ങിയ തബല പ്രണയം
ദൂരദർശനിലെ ചിത്രഗീതം പോലുള്ള പാട്ടുപരിപാടികൾ കേട്ടാണ് ചഞ്ചലിന് സംഗീതത്തിലെ താളങ്ങളോട് അടുപ്പം തോന്നിത്തുടങ്ങിയത്. ആ ഇഷ്ടം പിന്നീട് തബലയോടുള്ള പ്രണയമായി മാറി. എന്നാൽ കാഴ്ചപരിമിതിയുള്ള തനിക്ക് താളനിബദ്ധമായ തബല വായന എങ്ങനെ പഠിക്കാനാകുമെന്ന സംശയം ആദ്യകാലത്ത് ചഞ്ചലിനുണ്ടായിരുന്നു.
അതിനിടെയാണ് ശിവദാസ് ചേമഞ്ചേരി എന്ന അധ്യാപകന്റെ പിന്തുണ ലഭിച്ചത്. ഗാനഗന്ധർവൻ യേശുദാസ്, ചിത്ര തുടങ്ങിയ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഗുരു ക്ഷമയോടെ ചഞ്ചലിനെ തബലയുടെ ലോകത്തേക്ക് കൈപിടിച്ചുനടത്തി. ഏഴാം ക്ലാസ് മുതലാണ് തബല പഠനം ആരംഭിച്ചത്. കേരള കലാക്ഷേത്രയിൽ ആഴ്ചയിൽ ഒരു ക്ലാസ് വീതം പഠിച്ച ചഞ്ചൽ പത്തുവർഷത്തോളം ഗുരുവിന്റെ കീഴിൽ പരിശീലനം തുടർന്നു.
ഗാനമേളകളിലും ഭജൻസ് വേദികളിലും സജീവം
ഇന്ന് പ്രധാനമായും ഗാനമേളകളിലാണ് ചഞ്ചൽ തബല വായിക്കുന്നത്. ക്ഷണം ലഭിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഭജൻസ് പോലുള്ള സംഗീതപരിപാടികളിലും സാന്നിധ്യമറിയിക്കുന്നു.
തബലയ്ക്ക് പ്രധാന്യം നൽകുന്ന ഒരു മ്യൂസിക് ബാൻഡ് ആരംഭിക്കണമെന്ന ആഗ്രഹവും ചഞ്ചലിനുണ്ട്. പാട്ടിനൊപ്പം തബലയുടെ താളം ചേരുമ്പോഴാണ് സംഗീതത്തിന് കൂടുതൽ ഭംഗിയും പൂർണതയും ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതല നേട്ടം
ചെറുപ്പം മുതൽ തബല അഭ്യസിച്ചതിനാൽ സ്കൂൾ കലോത്സവങ്ങളിലും ചഞ്ചൽ സജീവമായിരുന്നു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ സംഗീതാധ്യാപകൻ അനീഷ് മാഷാണ് കൂടുതൽ അവസരങ്ങളിലേക്ക് വഴിതുറന്നത്. ഗാനമേള മത്സരത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മികവ് തെളിയിച്ചതോടെയാണ് വേദികളിൽ തബല വായിക്കാൻ തുടങ്ങിയത്.
പ്ലസ് ടു പഠനകാലത്ത് തബല വായനയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി. നാടൻപാട്ട് മത്സരത്തിലെ തബല വായനയ്ക്ക് ഡൽഹിയിൽനിന്ന് കേന്ദ്ര പുരസ്കാരവും ലഭിച്ചു. വൈകല്യങ്ങളേക്കാൾ കലാകാരന് ബുദ്ധിമുട്ടുണ്ടാക്കുന്നത് പലപ്പോഴും പിന്തുണയുടെ അഭാവമാണെന്നാണ് ചഞ്ചലിന്റെ അഭിപ്രായം.
പിതാവ് ചന്തുക്കുട്ടി, അമ്മ ഷീജ, സഹോദരി ചിഞ്ചിത എന്നിവരുടെ പിന്തുണയാണ് കലാരംഗത്തെ മുന്നേറ്റത്തിന് കരുത്താകുന്നത്.
കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി
മീഞ്ചന്ത ഗവൺമെന്റ് ആർട്സ് കോളേജിൽ മലയാളം ബിരുദ പഠനത്തിനാണ് ചഞ്ചൽ ചേർന്നത്. ആദ്യവർഷം കോളേജ് കലോത്സവത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു. എന്നാൽ പിന്നാലെ കോവിഡ് ലോക്ഡൗൺ വന്നതോടെ പഠനവും കലാപ്രവർത്തനങ്ങളും പ്രതിസന്ധിയിലായി.
പരിശീലനത്തിന് കൂടുതൽ സമയം ലഭിച്ച കോവിഡ് കാലത്ത് തന്റെ തബല വായനയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങി. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം വർധിച്ചു. ‘നിവേദ്യം’ സിനിമയിലെ ‘കോലക്കുഴൽ വിളി കേട്ടോ’, ‘വിഷ്ണുലോക’ത്തിലെ ‘കസ്തൂരി എന്റെ കസ്തൂരി’, ‘കളിയാട്ട’ത്തിലെ ‘വേളിക്ക് വെളുപ്പാൻകാലം’ തുടങ്ങിയ ഗാനങ്ങൾക്കൊപ്പമുള്ള തബല വായനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, മഞ്ജരി, ജ്യോത്സ്ന എന്നിവരും ചഞ്ചലിന്റെ തബല വായനയെ അഭിനന്ദിച്ചിട്ടുണ്ട്. നിലവിൽ ഇൻസ്റ്റഗ്രാമിൽ 24,000ത്തോളം ഫോളോവേഴ്സും ഫേസ്ബുക്കിൽ പതിനായിരത്തിലധികം ഫോളോവേഴ്സുമുണ്ട്.
തബലയ്ക്കൊപ്പം ചെണ്ടയും വയലിനും; ലക്ഷ്യം സർക്കാർ ജോലി
തബലയിൽ ഒതുങ്ങുന്നതല്ല ചഞ്ചലിന്റെ സംഗീതലോകം. ഇപ്പോൾ ചെണ്ടയും വയലിനും പഠിക്കുന്നുണ്ട്. കലാപ്രവർത്തനത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കുമുള്ള ചെലവുകൾ തബല വായനയിലൂടെ ലഭിക്കുന്ന വരുമാനത്തിൽനിന്നാണ് കണ്ടെത്തുന്നത്. സ്വന്തം കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നു.
ഇതിനൊപ്പം പി.എസ്.സി പരീക്ഷകൾക്കായുള്ള പഠനവും തുടരുകയാണ്. കലാപ്രവർത്തനങ്ങൾക്ക് തടസ്സമാകാത്തവിധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു സർക്കാർ ജോലി നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കാഴ്ചയുടെ പരിമിതികൾക്കപ്പുറം സംഗീതം പകർന്നുനൽകുന്ന ആത്മവിശ്വാസവുമായി ചഞ്ചൽ തന്റെ കലായാത്ര തുടരുകയാണ്.
English Summary:
Chanchal, a 26-year-old tabla artist from Thalakkulathur in Kozhikode, has built a musical career despite significant visual impairment. Inspired by songs on television during childhood, he began learning tabla in Class 7 under teacher Sivas Das Chemancheri. He has won state-level recognition, performs at music programmes and bhajans, and has gained a strong social media following. He is now also learning chenda and violin while preparing for PSC examinations.
