facebook

ഡൽഹിയിൽ പ്രതിപക്ഷ മാർച്ചിനിടെ അതിക്രമമെന്ന് ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

2 Min Read

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചിനിടെ തനിക്കെതിരെ അതിക്രമമുണ്ടായെന്ന് ആരോപിച്ച് വനിതാ മാധ്യമപ്രവർത്തക റിച്ചാ പരാശർ ഡൽഹി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും സംഭവത്തെ ഗൗരവത്തോടെ പരിഗണിക്കണമെന്നും പരാതിയിൽ റിച്ചാ പരാശർ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി തോളിൽ പിടിച്ചുവലിച്ചെന്ന് ആരോപണം

സുപ്രീം കോടതിക്ക് പുറത്ത് വച്ചാണ് സംഭവമുണ്ടായതെന്നാണ് റിച്ചാ പരാശറിന്റെ ആരോപണം. രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനായി മൈക്ക് നീട്ടിയപ്പോൾ അദ്ദേഹം തന്റെ തോളിൽ പിടിച്ച് വലിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ തള്ളിമാറ്റിയെന്നും അവർ ആരോപിച്ചു.തള്ളലിനിടെ കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണ തന്റെ മൊബൈൽ ഫോൺ തകർന്നതായും റിച്ചാ പരാശർ പരാതിയിൽ വ്യക്തമാക്കി.

മാർച്ചിൽ പങ്കെടുത്തവർ തന്നെ തള്ളിമാറ്റിയെന്നും സംഭവത്തിന് പിന്നാലെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ

സംഭവത്തിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റിച്ചാ പരാശറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ മൂന്ന് മാസം ഗർഭിണിയാണെന്ന വിവരം അതുവരെ ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് അവരുടെ മൊഴി.

ആശുപത്രിയിൽ നഴ്സിനോട് ഗർഭിണിയാണെന്ന് അറിയിച്ചതിനെ തുടർന്ന് എക്സ്റേയ്ക്ക് പകരം അൾട്രാസൗണ്ട് പരിശോധന നടത്തിയെന്നും അവർ പറഞ്ഞു. ഛർദ്ദിയെ തുടർന്ന് പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായും പരാതിയിൽ പറയുന്നു.

വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ആവശ്യം

ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് റിച്ചാ പരാശറിന്റെ ആവശ്യം. സ്ത്രീത്വത്തെ അപമാനിക്കൽ (വകുപ്പ് 74), മനഃപൂർവം പരുക്കേൽപ്പിക്കൽ (വകുപ്പ് 115(2), പ്രകോപനമില്ലാതെയുള്ള ആക്രമണം (വകുപ്പ് 131) എന്നിവയാണ് പരാതിയിൽ പരാമർശിച്ചിട്ടുള്ളത്.

ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ പെരുമാറ്റവുമായി ബന്ധപ്പെട്ട വകുപ്പ് (125), പൊതു ഉദ്ദേശ്യത്തോടെയുള്ള കൂട്ടായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് 3(5) എന്നിവയും ചുമത്തണമെന്ന് അവർ ആവശ്യപ്പെട്ടു.പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് നടപടിയെടുത്തതായോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായോ നൽകിയ വിവരങ്ങളിൽ വ്യക്തമാക്കിയിട്ടില്ല.

English Summary : Journalist Richa Parashar has filed a complaint with the Delhi Police Commissioner, alleging that she was manhandled during an opposition march against the Election Commission. She has sought an FIR against Rahul Gandhi, alleging that he pulled her by the shoulder and security personnel pushed her away. Parashar said she was three months pregnant and was hospitalised after experiencing abdominal pain and vomiting. The complaint seeks action under several provisions of the Bharatiya Nyaya Sanhita.

Share This Article