നിർമാതാവ് കണ്ണൻ രവിയുടെ മകന്റെ വിവാഹച്ചടങ്ങിൽ റാപ്പർ വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചതിനെതിരെ ഗായിക ചിന്മയി. വേടനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ നിലനിൽക്കെ അദ്ദേഹത്തെ പരിപാടിയുടെ ഭാഗമാക്കിയതിനെയാണ് ചിന്മയി വിമർശിച്ചത്.
വേടനെതിരായ ആരോപണങ്ങൾ താനും അംഗമായിരുന്ന ഒരു പൊതുവേദിയിലാണ് ആദ്യം ഉയർന്നതെന്നും അവർ വ്യക്തമാക്കി. സിനിമാ പ്രവർത്തകനായ ഹരീഷിന്റെ എക്സ് പോസ്റ്റിന് മറുപടിയായാണ് ചിന്മയിയുടെ പ്രതികരണം.
കാർത്തിക്കിന്റെ വിഷയം ചൂണ്ടിക്കാട്ടി പരിഹാസം
മുൻ മന്ത്രി ദുരൈമുരുകന്റെ കൊച്ചുമകളും ഡിഎംകെ എംപി കതിർ ആനന്ദിന്റെ മകളുമായ യുവതിയുടെ വിവാഹം ചലച്ചിത്ര നിർമാതാവ് കണ്ണൻ രവിയുടെ മകനുമായാണ്.
കുടുംബച്ചടങ്ങായി നടക്കേണ്ടിയിരുന്ന വിവാഹം, വേടൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യുവൻ ശങ്കർ രാജയുടെ സംഗീത പരിപാടിയായി മാറിയെന്നായിരുന്നു ഹരീഷിന്റെ എക്സ് പോസ്റ്റ്.ഈ പോസ്റ്റ് റീഷെയർ ചെയ്താണ് ചിന്മയി പരിഹാസരൂപേണ പ്രതികരിച്ചത്.
വേടനെതിരായ ആരോപണങ്ങൾ ആദ്യം പങ്കുവയ്ക്കപ്പെട്ടത് താനും അംഗമായിരുന്ന ഒരു പൊതുവേദിയിലാണെന്ന് അവർ കുറിച്ചു. മലയാളത്തിൽ ഒരു സ്ത്രീ പറഞ്ഞ കാര്യങ്ങൾ മറ്റൊരാൾ തനിക്ക് വിവർത്തനം ചെയ്തു നൽകിയതായും ചിന്മയി വ്യക്തമാക്കി.
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗായകൻ കാർത്തിക്കിനെ സംഗീത റിയാലിറ്റി ഷോയിൽ വിധികർത്താവായി ക്ഷണിച്ചതിനെതിരെയുണ്ടായ വിമർശനവും ചിന്മയി പരാമർശിച്ചു. കാർത്തിക്കിന് വേദി ലഭിക്കാമെങ്കിൽ അതേ മാനദണ്ഡമനുസരിച്ച് വേടനും വേദി ലഭിക്കാൻ അർഹതയുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു അവരുടെ പരിഹാസം.
വേടനെതിരെ നേരത്തെയും വിമർശനം
വേടനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചിന്മയി നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ വേടനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പങ്കുവച്ചതിന് പിന്നാലെയായിരുന്നു മുൻ പ്രതികരണം.
ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാരോട് മുൻ സർക്കാരുകൾ സ്വീകരിച്ച സമീപനം വിജയ് സർക്കാർ പിന്തുടരരുതെന്ന് അന്ന് ചിന്മയി എക്സിൽ കുറിച്ചിരുന്നു. വേടനെതിരായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ അദ്ദേഹത്തോടൊപ്പം ചെയ്യാനിരുന്ന ഒരു പ്രോജക്ടിൽനിന്ന് പിന്മാറിയതായും ചിന്മയി വെളിപ്പെടുത്തിയിരുന്നു.
English Summary : Singer Chinmayi criticised the inclusion of rapper Vedan in the musical programme at film producer Kannan Ravi’s son’s wedding, citing the sexual assault allegations against him. In a response to filmmaker Hareesh’s post on X, she also referred to the controversy surrounding singer Karthik’s invitation as a reality show judge.
