വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനമായ ഖേഷം ദ്വീപിൽ അമേരിക്ക സൈനികാക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
ഇറാൻ നിർമിച്ച വ്യോമപ്രതിരോധ സംവിധാനം പൂർത്തിയായതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം പരിമിതമായിരുന്നുവെന്നും ആവശ്യമായി വന്നാൽ കൂടുതൽ നടപടികളുണ്ടാകാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വ്യോമപ്രതിരോധ സംവിധാനം ലക്ഷ്യമിട്ടു
ഇറാൻ ഏകദേശം രണ്ടു മാസമെടുത്ത് നിർമിച്ച വ്യോമപ്രതിരോധ സംവിധാനമാണ് അമേരിക്ക ലക്ഷ്യമിട്ടതെന്ന് ട്രംപ് പറഞ്ഞു. നിർമാണം പൂർത്തിയായ ഉടൻ കഴിഞ്ഞ രാത്രിയിൽ കൃത്യമായ ആക്രമണം നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“അവർ അവിടെ ഒരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചു. നിർമാണം പൂർത്തിയായ ഉടൻ, കഴിഞ്ഞ രാത്രി, ഞങ്ങൾ അവിടെ കൃത്യമായി ആക്രമണം നടത്തി. അത് ചെറിയൊരു ആക്രമണം മാത്രമായിരുന്നു”, ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷമുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, നിരവധി ആളുകളെ കൊന്നൊടുക്കാൻ താൽപര്യമില്ലെന്നും എന്നാൽ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അതിന് നിർബന്ധിതരാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആക്രമണം ആദ്യം റിപ്പോർട്ട് ചെയ്തത് വാൾ സ്ട്രീറ്റ് ജേണൽ
ഖേഷം ദ്വീപിൽ അമേരിക്ക നടത്തിയ രഹസ്യ സൈനിക നീക്കത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് ‘ദ വാൾ സ്ട്രീറ്റ് ജേണൽ’ ആണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്കുനേരെയുള്ള ഇറാന്റെ ഭീഷണി തടയുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതുമുതൽ ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് ഇറാന്റെ ഭീഷണി വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും അമേരിക്കൻ സൈനിക നീക്കത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ടുകൾ.
അഞ്ച് സ്ഫോടനങ്ങളെന്ന് ഇറാൻ
അതേസമയം, ഖേഷം ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങൾക്ക് പിന്നാലെ ആകാശത്ത് രണ്ട് യുദ്ധവിമാനങ്ങൾ കണ്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി വ്യക്തമാക്കി.
അമേരിക്കൻ ഉദ്യോഗസ്ഥർ ആക്രമണത്തെ പരിമിതമായ പ്രതിരോധ നടപടിയായാണ് വിശേഷിപ്പിച്ചത്. വലിയ തോതിലുള്ള സൈനിക നീക്കങ്ങളിലേക്ക് മടങ്ങുന്നതിന്റെ സൂചനയല്ല ഇതെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
English Summary :US President Donald Trump confirmed that American forces had carried out a limited strike on Iran’s Qeshm Island, targeting an anti-aircraft defence facility near the Strait of Hormuz. The operation was reportedly aimed at countering threats to commercial shipping. Iran’s state news agency reported five explosions on the island and sightings of two aircraft.
