facebook

‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബൽരാജ് കളരിക്കൽ അന്തരിച്ചു

2 Min Read

കൊച്ചി: യുവ സംവിധായകൻ ബൽരാജ് കളരിക്കൽ (ചെഗു) അന്തരിച്ചു. 28 വയസ്സായിരുന്നു.

ജിയോ ഹോട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന വെബ് സീരീസായ ‘കാപ്പി സ്ക്വാഡിന്റെ’ സംവിധായകനായിരുന്നു. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കോട്ടയം മണിമല സ്വദേശിയായ ബൽരാജിന്റെ വിയോഗം മലയാള സിനിമാ-സീരീസ് രംഗത്തെ ഞെട്ടിച്ചു.

സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ വിയോഗം

ഒക്ടോബർ 15നാണ് ബൽരാജ് സംവിധാനം ചെയ്ത ‘കാപ്പി സ്ക്വാഡ്’ ഹോട്‌സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. സീരീസിന്റെ നാല് എപ്പിസോഡുകൾ ഇതിനകം പുറത്തിറങ്ങിയിരുന്നു.

ആകെ 36 എപ്പിസോഡുകളുടെ ചിത്രീകരണവും പൂർത്തിയായിരുന്നു.സീരീസിന്റെ ഷോ ഡയറക്ടറായ ശ്രീകാന്തിനൊപ്പമായിരുന്നു ബൽരാജിന്റെ താമസം.

മുറിയിൽ തുടർച്ചയായി ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ബൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അസോസിയേറ്റ് ഡയറക്ടറായി സിനിമാരംഗത്ത്

‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും ബൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. ‘കാപ്പി സ്ക്വാഡ്’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം.

യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളും പ്രമേയമാക്കുന്ന കോമഡി-ഡ്രാമ സീരീസാണ് ‘കാപ്പി സ്ക്വാഡ്’. റിനോഷ് ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമിക്കുന്നത്.

ശ്രീകാന്ത് മോഹനാണ് സീരീസ് സൃഷ്ടിച്ചത്; സംവിധാനം നിർവഹിച്ചത് ബൽരാജ് കളരിക്കലും.

യുവതാരങ്ങൾ അണിനിരന്ന സീരീസ്

റിനോഷ് ജോർജിനൊപ്പം അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ജോസഫ്, അഭിരാമി ദയാനന്ദൻ തുടങ്ങിയ യുവതാരങ്ങളും സീരീസിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സീരീസ് പ്രേക്ഷകശ്രദ്ധ നേടുന്നതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം.

മാസങ്ങൾക്കുമുമ്പ് വിവാഹം

കോട്ടയം മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ് ബൽരാജ്. സഹോദരി സോജ.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹം. ആറുവർഷത്തെ പ്രണയത്തിനുശേഷം ആതിരയെയാണ് ബൽരാജ് വിവാഹം കഴിച്ചത്.

English Summary : Malayalam filmmaker Balraj Kalarikkal, popularly known as Chegu, has died at the age of 28. He was found dead in a hotel room in Ernakulam, with a heart attack reported as the cause of death. Balraj directed the web series Kaapi Squad, which began streaming on JioHotstar on October 15. The series marked his first independent directorial venture after working as an associate and assistant director on several films.

Share This Article