കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് നടൻ ബാലു വർഗീസിന് യുവതിയുടെ വക്കീൽ നോട്ടീസ്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകണമെന്നും ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
നീന്തൽക്കുളത്തിൽ വെച്ചുണ്ടായ സംഭവത്തിൽ കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി യുവതി ‘ദി ന്യൂസ് മിനിറ്റി’നോട് പറഞ്ഞു. ബാലുവിനെതിരെ സമാന അനുഭവങ്ങൾ ഉണ്ടായതായി മറ്റു സ്ത്രീകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
നീന്തൽക്കുളത്തിലെ സംഭവത്തെച്ചൊല്ലി പരാതി
നീന്തൽക്കുളത്തിൽ വെച്ച് ബാലു വർഗീസ് ബലമായി ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
സംഭവം നടന്ന ഉടൻ യുവതി ഇതിനെ ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് പരാതിക്കാരി പറഞ്ഞു. എന്നാൽ യുവതി നിലപാടിൽ ഉറച്ചുനിന്നതോടെ ബാലു ക്ഷമ ചോദിച്ചതായും അവർ അവകാശപ്പെട്ടു.
ഭർത്താവിനോടും സുഹൃത്തുക്കളോടും വിവരിച്ചു
സംഭവത്തിനുശേഷം വീട്ടിലെത്തിയ യുവതി അനുഭവം ഭർത്താവിനോട് വിശദീകരിച്ചു. അടുത്ത ദിവസം ഭർത്താവ് ബാലു വർഗീസുമായി സംസാരിച്ചപ്പോൾ അബദ്ധത്തിൽ കൈ തട്ടിയതാണെന്ന വിശദീകരണമാണ് ലഭിച്ചതെന്ന് യുവതി പറഞ്ഞു.
എന്നാൽ ശരീരത്തിൽ ബലമായി പിടിച്ചതിനാൽ അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. സുഹൃത്തുക്കളായ മറ്റു സ്ത്രീകളുമായി അനുഭവം പങ്കുവെച്ചപ്പോഴാണ് സമാനമായ സംഭവങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും തുടർന്ന് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
മറ്റു സ്ത്രീകളും സമാന ആരോപണങ്ങളുമായി രംഗത്ത്
കഴിഞ്ഞ വർഷം മാർച്ചിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലു വർഗീസിൽനിന്ന് മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയെന്ന് ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്തു.
ആളുകൾ ചുറ്റുമുണ്ടായിരുന്ന സാഹചര്യങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നും റിപ്പോർട്ടിലുണ്ട്.സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത മറ്റൊരു ചടങ്ങിൽ ബാലു മോശമായി പെരുമാറിയെന്ന് വേറൊരു യുവതിയും ആരോപിച്ചു.
വിസമ്മതിച്ചിട്ടും പിന്മാറാൻ തയ്യാറായില്ലെന്നും തന്നോട് ‘തന്നെ ഭയമാണോ’ എന്ന് ചോദിച്ചെന്നും അവർ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേ ചടങ്ങിൽ വെച്ച് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചതായി മറ്റൊരു സ്ത്രീയും വെളിപ്പെടുത്തിയിട്ടുണ്ട്.
നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്ന് യുവതി
അയച്ച വക്കീൽ നോട്ടീസിന് ബാലു വർഗീസിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബാലു വർഗീസ് തയ്യാറായിട്ടില്ലെന്നും ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്യുന്നു.
English Summary : Actor Balu Varghese has reportedly received a legal notice from a woman alleging unwanted physical contact and inappropriate behaviour. The notice seeks a written apology and an assurance that such conduct will not recur. The woman has also alleged that other women shared similar experiences, according to The News Minute. The report states that Balu Varghese has not responded to the notice or commented on the allegations.
