facebook

തിരുവനന്തപുരം മഴ ശക്തം; ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

3 Min Read

തിരുവനന്തപുരം: നഗരത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതവും ദുരിതത്തിലായി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നഗരത്തിൽ വെള്ളക്കെട്ട്; ശക്തമായ കാറ്റിനും സാധ്യത

അരമണിക്കൂറിലേറെയായി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അപ്രതീക്ഷിതമായി പെയ്ത മഴ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. ഇതോടെ യാത്രക്കാരും നഗരവാസികളും ബുദ്ധിമുട്ടിലായി.

ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 4ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നവംബർ 6ന് ഇടുക്കി, എറണാകുളം ജില്ലകളിലും നവംബർ 7ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും മുന്നറിയിപ്പുണ്ട്.

നവംബർ 8ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി നിർവചിക്കുന്നത്.

മഴയ്ക്ക് പിന്നിൽ ന്യൂനമർദവും ചക്രവാതച്ചുഴികളും

തെലങ്കാനയുടെ കിഴക്കൻ മേഖലയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിലായി തീവ്ര ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഇത് വടക്കോട്ട് നീങ്ങി അടുത്ത ആറു മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് വെൽ മാർക്ക്ഡ് ലോ പ്രഷർ ഏരിയയായി മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.

ഇതിനുപുറമേ ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിലും തെക്കൻ തമിഴ്‌നാടിനു മുകളിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നു. നവംബർ 4, 6, 7, 8 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഇതോടെ ജലനിരപ്പും ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിന്റെ 2, 3, 4, 5 നമ്പർ ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം കൂടി ഉയർത്താനാണ് തീരുമാനം.

ഇന്ന് വൈകിട്ട് 3.30ന് ഷട്ടറുകൾ ഉയർത്തുമെന്നാണ് അറിയിപ്പ്. നേരത്തെ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ഓരോ ഷട്ടറും ആകെ 120 സെന്റിമീറ്റർ ഉയർത്തുമെന്നാണ് അറിയിപ്പിൽ പറയുന്നത്.

ഡാമിനു സമീപം താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. അറിയിച്ചു.

English Summary:

Heavy rain continues in Thiruvananthapuram, prompting an orange alert as waterlogging affects several parts of the city. The weather department has warned of thunderstorms and strong winds in isolated areas. Yellow alerts have also been issued for several districts on different dates. Meanwhile, the shutters of Aruvikkara Dam will be raised further due to rising water levels.

Share This Article