facebook

ഇടുക്കിയിലെ ഈ നഗരത്തിൽ വല വിരിച്ചു ഷാഡോ പോലീസ്; കാരണം…

2 Min Read

ഇടുക്കിയിലെ ഈ നഗരത്തിൽ വല വിരിച്ചു ഷാഡോ പോലീസ്

മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെ ഉയർത്തുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ കട്ടപ്പന നഗരത്തിൽ രൂക്ഷമായതോടെ നഗരത്തിൽ വിവിധ ഇടങ്ങളിൽ ഷാഡോ സംഘങ്ങളെ വിന്യസിച്ച് കട്ടപ്പന പോലീസ്.

തിരക്കുള്ള സ്ഥലങ്ങളിൽ എല്ലാം ഇവരുടെ നിരീക്ഷണം ഉണ്ടാകും. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ട് വന്ന വിദ്യാർഥിനികൾ ബസുകൾ പലതും വന്നുപോയിട്ടും വീട്ടിൽ പോകാതെ സ്റ്റാൻഡിൽ ചുറ്റിത്തിരിഞ്ഞിരുന്നു.

ഏറെ നേരം വിദ്യാർഥിനികളെ നിരീക്ഷിച്ച പോലീസ് ഇവർ ബസിൽ കയറുന്നില്ലെന്നും നേരം വൈകുമ്പോഴും സ്റ്റാൻഡിൽ തുടരുകയാണെന്നും കണ്ടെത്തി. തുടർന്ന് വനിതാ ഷാഡോ പോലീസ് ഇവരെ മാറ്റി നിർത്തി വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു.

എന്നാൽ വിദ്യാർഥിനികൾ സ്റ്റാൻഡിൽ തുടരാൻ അവകാശമുണ്ടെന്ന് പ്രതികരിച്ചു. ഇവരെ പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചതോടെയാണ് കുട്ടികൾക്ക് പോലീസാണെന്ന കാര്യം പിടികിട്ടിയത്.

വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലീസ് ഒരുങ്ങുന്നതിനിടെ വിദ്യാർഥിനികൾ പോലീസിനോട് മാപ്പു പറഞ്ഞ് സ്ഥലം കാലിയാക്കി.

ബസ് സ്റ്റാൻഡിന് പുറമേ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി ഷാഡോ പോലീസിന്റെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

കട്ടപ്പന സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ സബ് ഡിവിഷനിൽപെട്ട മറ്റു സ്റ്റേഷനുകളിലെ പോലീസുകാരെക്കൂടി ഉൾപ്പെടുത്തിയാണ് പ്രവർത്തനം. ഞായറാഴ്ചകളിൽ ഉൾപ്പെടെ ഇവർ നഗരത്തിൽ ഉണ്ടാകും.

ഇതിനിടെ നഗരത്തിലെ നിരോധിത ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയും അനധികൃത വഴിയോര കച്ചവടങ്ങളും തടയണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ നഗരസഭയ്ക്ക് നിവേദനം നൽകി.

നിയമപരമായ വിവിധ ലൈസൻസുകൾക്ക് പുറമെ വാടക, കറന്റ് ചാർജ്, ശമ്പളം, ജി.എസ്.ടി. തുടങ്ങിയവയെല്ലാം മുടക്കുന്ന വ്യാപാരികൾ പ്രതിസന്ധിയിലാണ്.

ഞായറാഴ്ചകളിൽ കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മറുനാടൻ തൊഴിലാളികൾ അനധികൃത വ്യാപാര സ്ഥാപനങ്ങൾ തട്ടിക്കൂട്ടി തുണിത്തരങ്ങളും സാധനങ്ങളും കച്ചവടം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്.

ഈ കച്ചവടങ്ങളുടെ മറവിൽ നിരോധിത ലഹരി ഉത്പന്നങ്ങളും വിൽക്കുന്നുണ്ട്. ലഹരി ഉപയോഗിച്ച് അക്രമവും അടിപിടിയും പതിവാണ്. ഞായറാഴ്ച സാധാരണക്കാർക്ക് നഗരത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ശക്തമായ പരിശോധനകളിലൂടെ നിയമപരമല്ലാത്ത വ്യാപാരങ്ങളും ലഹരിവിൽപ്പനയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ്, വൈസ് പ്രസിഡന്റുമാരായ ടി.എം. ജോമോൻ, ബൈജു വെമ്പേനി, സെക്രട്ടറിമാരായ കെ.ജെ. തോമസ്, രമണൻ പടന്നയിൽ, അനിൽ മോഡേൺ, പി.ആർ.ഒ. അനിൽ പുനർജനി എന്നിവരടങ്ങുന്ന സംഘമാണ് പരാതി നൽകിയത്.

Share This Article