തിരുവനന്തപുരം: ക്യാംപസുകളിലെ വിദ്യാർഥിരാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് കേരള സർവകലാശാല സിൻഡിക്കേറ്റ് തയ്യാറാക്കിയ കരടുമാർഗരേഖ ചർച്ചയാകുന്നു. കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും രാഷ്ട്രീയപ്രവർത്തനം, സമരം, ധർണ, ഉപരോധം, രാഷ്ട്രീയ മുദ്രാവാക്യം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശങ്ങൾ.
കേരള സർവകലാശാല കരടുമാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ
രാഷ്ട്രീയാടിസ്ഥാനത്തിലോ രാഷ്ട്രീയപ്പാർട്ടികളുടെ നിർദേശപ്രകാരമോ ക്യാംപസിൽ സമരം നടത്തരുതെന്നാണ് കരടിലെ നിർദേശം. കൂടാതെ, രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ധർണ, ഉപരോധം തുടങ്ങിയവയും അനുവദിക്കില്ല.
ക്ലാസ് മുറികൾ, ഓഫീസുകൾ, ക്യാംപസ് പരിസരം എന്നിവിടങ്ങളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഇതിനുപുറമെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണവും സംഘാടനവും തടയാനും നിർദേശം മുന്നോട്ടുവയ്ക്കുന്നു.
ലംഘിച്ചാൽ പിഴയും അച്ചടക്കനടപടിയും
കരടുമാർഗരേഖയിലെ നിർദേശങ്ങൾ ലംഘിച്ചാൽ വിദ്യാർഥികൾക്കെതിരെ വിവിധ അച്ചടക്കനടപടികൾ സ്വീകരിക്കാം. താക്കീത്, ടി.സി. നൽകി പറഞ്ഞയയ്ക്കൽ, സസ്പെൻഷൻ, പുറത്താക്കൽ എന്നിവയാണ് നിർദേശിച്ചിരിക്കുന്ന നടപടികൾ.
കുറഞ്ഞ പിഴ 5,000 രൂപയായിരിക്കും. വിദ്യാർഥിക്ക് ബന്ധമുള്ള രാഷ്ട്രീയപ്പാർട്ടിക്കും 10,000 രൂപ പിഴ ചുമത്താനുള്ള നിർദേശമുണ്ട്. പിഴ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങാനും കരടിൽ വ്യവസ്ഥയുണ്ട്.
പ്രിൻസിപ്പലിനും വി.സിക്കും അധികാരം
കോളജുകളിൽ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള അധികാരം പ്രിൻസിപ്പലിനും സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലർക്കുമാണ് നിർദേശിച്ചിരിക്കുന്നത്.
ക്യാംപസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചാൻസലറായ ഗവർണർ സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിരുന്നു.
‘ഔദ്യോഗിക രേഖയല്ല’; വൈസ് ചാൻസലർ
കരടുമാർഗരേഖ നിലവിൽ ഔദ്യോഗിക രേഖയല്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. എന്നാൽ, ക്യാംപസുകളിൽ അച്ചടക്കവും സമാധാനവും ഉറപ്പാക്കാൻ ഹൈക്കോടതിയും ചാൻസലറും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 2026-27 അധ്യയനവർഷത്തേക്കുള്ള കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് കരടുമാർഗരേഖ സംബന്ധിച്ച ചർച്ചയും ശ്രദ്ധ നേടുന്നത്.
വിദ്യാർഥിരാഷ്ട്രീയത്തെക്കുറിച്ച് വ്യത്യസ്ത നിലപാടുകൾ
വിദ്യാർഥിരാഷ്ട്രീയം നിരോധിക്കുകയല്ല ലക്ഷ്യമെന്നും ക്യാംപസിൽ സമാധാനം ഉറപ്പാക്കാനുള്ള നിയന്ത്രണങ്ങൾ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും യു.ഡി.എഫ്. സിൻഡിക്കേറ്റംഗം വൈ. അഹമ്മദ് ഫസിൽ പറഞ്ഞു. വിഷയത്തിൽ എല്ലാവരുമായും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, വിദ്യാർഥിരാഷ്ട്രീയത്തോട് മുഖംതിരിച്ച് സർവകലാശാലയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന് ഇടത് സിൻഡിക്കേറ്റംഗം ഡോ. എസ്. നസീബ് പറഞ്ഞു. വിദ്യാർഥികളുടെ രാഷ്ട്രീയാവകാശങ്ങൾ സംരക്ഷിക്കുന്നതും അക്കാദമിക പ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വിദ്യാർഥി സംഘടനാപ്രവർത്തനം നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി. സിൻഡിക്കേറ്റംഗം പി.എസ്. ഗോപകുമാറും വ്യക്തമാക്കി. സർവകലാശാലകളെ രാഷ്ട്രീയമുക്തമാക്കാൻ വിദ്യാർഥി സംഘടനകളുടെ പ്രവർത്തനരീതി മാറണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
English summary:The University of Kerala Syndicate has prepared a draft guideline proposing restrictions on political activities on college and university campuses. The draft reportedly bars political protests, dharnas, blockades, slogans and political campaigning through digital platforms. Violations may invite disciplinary action, including warnings, suspension, dismissal and fines. The draft proposes a minimum fine of ₹5,000 for students and ₹10,000 for the political party associated with the student, with revenue recovery suggested for unpaid fines. However, Vice-Chancellor Dr. Mohanan Kunnummal clarified that the draft is not an official document. Different Syndicate members have expressed differing views on student politics and the proposed restrictions.
