തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇന്നുമുതൽ സെപ്റ്റംബർ 23 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ രണ്ട് ദിവസം വൈകി ഇന്ന് പശ്ചിമ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകും
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴി ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്റ്റംബർ 21ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായും
സെപ്റ്റംബർ 22ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
സെപ്റ്റംബർ 23ന് തീരത്തേക്ക് എത്താൻ സാധ്യത
ന്യൂനമർദ്ദം തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിലെത്താൻ സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിലൂടെ വ്യക്തമാക്കുന്നത്.
ഇടിമിന്നലിനും സാധ്യത; ജാഗ്രത വേണം
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വൈകിട്ട് 6.45 മുതൽ അർധരാത്രി 12.45 വരെയുള്ള സമയത്ത് ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.
English Summary
The India Meteorological Department has warned of increased rainfall in Kerala as a low-pressure area is likely to form over the Bay of Bengal. Light to moderate rain and isolated heavy rain are possible in the state until September 23. The system is expected to intensify while moving towards the Odisha–north Andhra Pradesh coast. Thunderstorms are also possible, and the public has been advised to remain cautious.
