തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന ശൃംഖലകളെ തകർക്കാൻ സംസ്ഥാന സർക്കാർ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ദൗത്യത്തിന് തുടക്കമിടുന്നു. യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിക്ക് അടിമകളാക്കുന്ന വൻ മാഫിയ സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം.
സമൂഹമാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് രഹസ്യമായി ലഹരി വിൽപ്പന നടത്തുന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. തുടക്കത്തിൽ സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെയും യുവാക്കളെയും സ്വാധീനിച്ചശേഷം ലഹരിക്കടത്തിനും വിൽപ്പനയ്ക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്ന രീതിയാണ് വ്യാപകമാകുന്നത്.
ഇതുവരെ ചെറിയ തോതിൽ ലഹരി വിൽക്കുന്നവരെയാണ് കൂടുതലായും പിടികൂടിയിരുന്നത്. എന്നാൽ ഇപ്പോൾ ലഹരിയുടെ ഉറവിടങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, ഉൽപ്പാദന ശാലകൾ, അന്തർസംസ്ഥാന കടത്തുസംഘങ്ങൾ എന്നിവയെ കണ്ടെത്തി ശൃംഖലയുടെ വേരറുക്കാനാണ് നീക്കം.
കോളേജുകളിലും സ്കൂളുകളിലും ലഹരിമാഫിയയുടെ സ്വാധീനം വർധിച്ചതായി വിലയിരുത്തപ്പെടുന്നു. വിദ്യാർത്ഥികളെ തന്നെ കാരിയർമാരും വിതരണക്കാരുമായി ഉപയോഗിക്കുന്ന പ്രവണത വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 554.57 കോടി രൂപയുടെ രാസലഹരി പിടികൂടിയെന്നാണ് ഔദ്യോഗിക കണക്ക്. ഈ കാലയളവിൽ 48,371 കേസുകളിലായി അരലക്ഷത്തിലധികം വിദ്യാർത്ഥികളും യുവാക്കളും പ്രതികളായിട്ടുണ്ട്. എന്നാൽ ലഹരിക്കടത്തിന്റെ മുഖ്യ ആസൂത്രകരും മൊത്തക്കച്ചവടക്കാരും പലപ്പോഴും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതായും വിലയിരുത്തലുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് വിഭാഗങ്ങളുമായി സഹകരിച്ചുള്ള സംയുക്ത ഓപ്പറേഷനുകളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കും.
ലഹരിമരുന്ന് വാണിജ്യാവശ്യത്തിന് കൈവശം വയ്ക്കുന്നതും കടത്തുന്നതും ഗുരുതര കുറ്റകൃത്യമാണ്. കുറ്റത്തിന്റെ സ്വഭാവവും പിടിച്ചെടുത്ത ലഹരിയുടെ അളവും അനുസരിച്ച് കർശന ശിക്ഷകൾ ലഭിക്കും. സ്ഥിരമായി ലഹരി ഇടപാടുകളിൽ ഏർപ്പെടുന്നവർക്കെതിരെ പ്രത്യേക നിയമപ്രകാരമുള്ള കരുതൽ തടങ്കൽ നടപടികളും സ്വീകരിക്കാനാകും.
ലഹരിമാഫിയയുടെ വേരറുക്കുകയാണ് ലക്ഷ്യമെന്നും ഭാവി തലമുറയുടെ സുരക്ഷയ്ക്കായാണ് ഈ ദൗത്യമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
English Summary:
Kerala has launched “Operation Thoofan” to crack down on drug mafias operating across state borders. The initiative aims to identify major suppliers, trafficking networks, and production centres while protecting students and youth from falling into drug abuse and related crimes.

