‘സംസ്ഥാനത്തെ വിസ്മയിപ്പിക്കുന്ന ‘ധവളപത്രം’ ഉടൻ വരുന്നു’; ഇടതു സർക്കാരിന്റെ നികുതി നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ നോക്കേണ്ടെന്നു പിണറായി

4 Min Read
4 Min Read
Highlights
  • പെട്രോൾ, ഡീസൽ വിലവർധനവ് ജനജീവിതത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ്
  • സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ നിന്നും വാക്കൗട്ട് നടത്തി പ്രതിപക്ഷം

സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വിലക്കയറ്റത്തെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാക്പോരും പ്രത്യാക്രമണവും അരങ്ങേറി. വിലക്കയറ്റവും ഇന്ധനവില വർധനവും മൂലം ജനങ്ങൾ നേരിടുന്ന കടുത്ത പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും മുൻ ധനമന്ത്രി കൂടിയായ കെ.എൻ. ബാലഗോപാൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

എന്നാൽ, വിലക്കയറ്റത്തിന്റെ ആകെ ആഘാതം എന്താണെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും കുറച്ചുദിവസങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ ഇതിൽ അന്തിമ തീരുമാനം വ്യക്തമാക്കാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയെ അറിയിച്ചു.

പെട്രോൾ, ഡീസൽ വിലവർധനവ് ജനജീവിതത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സഭയിൽ ചൂണ്ടിക്കാണിച്ചു. എങ്കിലും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും വാക്കൗട്ട് നടത്തി.

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് ആദരമർപ്പിച്ചുകൊണ്ടാണ് ഇന്നത്തെ സഭാ നടപടികൾ ആരംഭിച്ചത്. ഇതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും പൂർത്തിയായി. തുടർന്നാണ് പ്രതിപക്ഷം വിലക്കയറ്റ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

പ്രതിപക്ഷത്തിന്റെ നോട്ടീസിലെ ചില കാര്യങ്ങൾ ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മതിച്ചു. പെട്രോൾ, ഡീസൽ വില ഒന്നുരണ്ടു തവണയല്ല, മറിച്ച് നാല് തവണയാണ് വർധിച്ചതെന്നും ഗൾഫ് മേഖലയിലെ യുദ്ധ പശ്ചാത്തലത്തിലാണ് ഇന്ധനവില നിരന്തരം ഉയരുന്നതെന്നും ഏതു സമയത്തും ഇനിയും വില വർധിക്കാമെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലവർധനവ് താഴേക്ക് പോയതിനു ശേഷം മാത്രം ചർച്ച ചെയ്യാം എന്ന് പറയുന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. വിലക്കയറ്റം കാരണം ഹോട്ടലുകൾ പോലും ഭാഗികമായി മാത്രം പ്രവർത്തിക്കുന്ന അവസ്ഥയാണുള്ളത്.

മുൻപ് സമാനമായ വിലവർധനവ് ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നികുതിയിളവ് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാനം ശക്തമായ നിലപാട് പറയേണ്ടതുണ്ടെന്നും കേന്ദ്രം വലിയ രീതിയിലുള്ള കൊള്ളയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാചകവാതകത്തിന് സബ്‌സിഡി നൽകാൻ സർക്കാർ തയ്യാറാകണം. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും തങ്ങൾക്ക് ഒരേ നിലപാടാണുള്ളതെന്നും രണ്ടായിരത്തി പതിനെട്ടിൽ നിരന്തരമായി വിലവർധനവ് വന്നപ്പോൾ എൽ.ഡി.എഫ് സർക്കാർ നികുതിയിളവ് നൽകിയിട്ടുണ്ടെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

എന്നാൽ മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അറുന്നൂറ്റി പത്തൊൻപത് കോടി രൂപയുടെ പെട്രോൾ, ഡീസൽ അധിക നികുതി വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മൂവായിരത്തി ഒരുനൂറ് കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടും ഒരു രൂപ പോലും കുറയ്ക്കാൻ അവർ തയ്യാറായില്ല.

നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങൾ ഇടതു സർക്കാർ കാണിക്കില്ലെന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞിരുന്നത്. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടയിലാണ് നിത്യോപയോഗ സാധനങ്ങൾക്ക് ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടായതെന്നും അതിൽ ഇടപെടുന്നതിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പൂർണ്ണ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കരിഞ്ചന്ത തടയുന്നതിനും എൽ.പി.ജി ക്ഷാമം ഇല്ലാതാക്കുന്നതിനും നിലവിലെ സർക്കാർ ശക്തമായി ഇടപെടും. സംസ്ഥാനത്തെ വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം (വൈറ്റ് പേപ്പർ) ഉടൻ തന്നെ സഭയ്ക്ക് മുന്നിൽ വെയ്ക്കുമെന്നും കേന്ദ്രത്തിൽ നിന്ന് മുൻപ് എന്ത് കിട്ടി, ഇപ്പോൾ എന്ത് കിട്ടുന്നില്ല എന്നതടക്കമുള്ള കൃത്യമായ വിവരങ്ങൾ അതിലുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടേത് തികച്ചും നിർഭാഗ്യകരമായ പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇന്ധനവിലക്കയറ്റം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പ്രശ്‌നത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി മുഖവുര പറഞ്ഞു നിർത്തുകയാണ് ചെയ്തത്. കോൺഗ്രസ് മുൻപ് തുടങ്ങിവെച്ച നയങ്ങൾ ബി.ജെ.പി അതിശക്തമായി തുടരുന്ന കാഴ്ചയാണ് കാണുന്നത്.

എണ്ണക്കമ്പനികൾ രണ്ട് ലക്ഷം കോടി രൂപ വരെ ലാഭമുണ്ടാക്കുമ്പോൾ കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുൻപ് കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴെല്ലാം അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ മേൽ കെട്ടിവെയ്ക്കാനായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവിന്റെ റോളിൽ ഇന്നത്തെ മുഖ്യമന്ത്രി ശ്രമിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നിലവിലുള്ളത് സാധാരണ വിലക്കയറ്റമല്ലെന്നും അതിരൂക്ഷമായ സാഹചര്യമാണെന്നും കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

രണ്ടായിരത്തി പതിനെട്ടിൽ എൽ.ഡി.എഫ് സർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചിരുന്നു. അന്ന് പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ പറഞ്ഞ വാക്കുകൾ പാലിക്കാൻ ഇന്നത്തെ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ കൊണ്ടുവരുന്ന ധവളപത്രം എന്ന ‘ഉമ്മാക്കി’ കാണിച്ച് തങ്ങളുടെ വായടപ്പിക്കാൻ നോക്കേണ്ടെന്നും അത് വരുമ്പോൾ കാണാമെന്നും വ്യക്തമാക്കിക്കൊണ്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

English Summary

The Kerala Assembly witnessed a heated debate over rising prices and fuel tax. Opposition leader Pinarayi Vijayan and former Finance Minister K.N. Balagopal demanded a discussion, accusing the government of inaction. However, Chief Minister V.D. Satheesan rejected the adjournment motion, promising strict action against hoarding and announcing an upcoming white paper.

Share This Article