പത്തനംതിട്ട: സംസ്ഥാനത്ത് വാഹനങ്ങളുടെ രൂപമാറ്റത്തിന് അനുമതി നൽകുന്നതിനൊപ്പം സർക്കാർ അംഗീകൃത രൂപമാറ്റ കേന്ദ്രങ്ങളും സജ്ജമാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്യാൻ ഒരുങ്ങുന്നു. നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിൽ നടത്തുന്ന മാറ്റങ്ങൾ അപകടസാധ്യത വർധിപ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
നിലവിൽ വിപണിയിലെത്തുന്ന ഓരോ വാഹന മോഡലും വിവിധ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നിർമാതാക്കൾ പുറത്തിറക്കുന്നത്. ഇത്തരം വാഹനങ്ങളിൽ അനിയന്ത്രിതമായി മാറ്റങ്ങൾ വരുത്തുന്നത് വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കാനും അപകടങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ വാഹന നിർമാതാക്കളോ അംഗീകൃത ഡീലർമാരോ സർക്കാർ അംഗീകൃത രൂപമാറ്റ കേന്ദ്രങ്ങളോ മാത്രമേ വാഹനങ്ങളിൽ മാറ്റം വരുത്താൻ പാടുള്ളൂ എന്ന നിർദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതുവഴി നിർദ്ദിഷ്ട നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് രൂപമാറ്റം നടന്നതെന്ന് ഉറപ്പാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
അംഗീകൃത കേന്ദ്രങ്ങൾ നിലവിൽ അനുവദിച്ചിരിക്കുന്ന രൂപമാറ്റങ്ങൾ മാത്രമല്ല, സുരക്ഷയെ ബാധിക്കാത്ത ചില അധിക മാറ്റങ്ങൾക്കും അനുമതി നൽകുന്ന സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. വാഹന ഉടമകളുടെ ആവശ്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഒരുപോലെ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനധികൃത മോഡിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ശുപാർശകൾ മുന്നോട്ടുവന്നിരിക്കുന്നത്.
English Summary:
The Motor Vehicles Department is likely to recommend that vehicle modifications be carried out only through government-approved modification centers, manufacturers, or authorized dealers. The move aims to improve safety standards and prevent accidents caused by unauthorized or poor-quality modifications. Authorities are also considering allowing additional approved modifications under regulated conditions.
