facebook

കേരളത്തിലെ മത്തിയും അയലയും അപ്രത്യക്ഷമാകും; പസഫിക്കിൽ ‘എൽ നിനോ’ ശക്തമാകുന്നു;  മീനുകൾ ഒഡീഷയിലേക്ക് കുടിയേറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

2 Min Read

കൊച്ചി: പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിലെ ഉപരിതല ജലത്തിന്റെ അസാധാരണമായ ചൂടുയരലിനെയാണ് ‘എൽ നിനോ’ പ്രതിഭാസമെന്ന് വിളിക്കുന്നത്. പെറുവിലെ മത്സ്യത്തൊഴിലാളികളാണ് ഈ പ്രതിഭാസത്തിന് ‘എൽ നിനോ’ എന്ന പേര് നൽകിയത്. 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള കാലയളവിൽ എൽ നിനോ ശക്തമായ നിലയിലേക്ക് എത്താൻ 63 ശതമാനം സാധ്യതയുണ്ടെന്ന് യുഎസിലെ ദേശീയ സമുദ്ര-കാലാവസ്ഥാ ഏജൻസിയായ നോവ (NOAA) വിലയിരുത്തുന്നു.

ഇന്ത്യയിൽ എൽ നിനോ സാധാരണയായി മഴക്കുറവും വരൾച്ചയും കൃഷിനാശവും സംബന്ധിച്ച ആശങ്കകളാണ് ഉയർത്താറുള്ളത്. എന്നാൽ, ഇതിന്റെ ആഘാതം കടലിലെ ജൈവവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഗണ്യമായി ബാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

എൽ നിനോ മൂലം കടലിലെ കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടാകുകയും, ആഴക്കടലിലെ പോഷകസമൃദ്ധമായ തണുത്ത ജലം മുകളിലേക്ക് ഉയരുന്ന ‘അപ്‌വെല്ലിംഗ്’ പ്രക്രിയ തടസപ്പെടുകയും ചെയ്യും. ഇതോടെ മത്സ്യങ്ങളുടെ പ്രധാന ഭക്ഷണമായ പ്ലാങ്ക്ടണുകളുടെ വളർച്ച കുറയുകയും, മീനുകളുടെ ലഭ്യതയെ ബാധിക്കുകയും ചെയ്യും.

കേരളത്തിൽ വാണിജ്യപ്രാധാന്യമുള്ള മത്തിയും അയലയും കാലാവസ്ഥാ വ്യതിയാനങ്ങളുമായി അടുത്ത ബന്ധമുള്ള മത്സ്യങ്ങളാണെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നു.

മൺസൂണിന് മുമ്പ് കടലിന്റെ അടിത്തട്ടിൽ നിന്ന് ഉയരുന്ന തണുത്ത ജലത്തെ ആശ്രയിച്ചാണ് മത്തി മുട്ടയിടുന്നതും വളരുന്നതും. എന്നാൽ കടൽജലത്തിന്റെ താപനില ഉയരുന്നതോടെ മുട്ടയിടൽ വൈകുകയോ കുറയുകയോ ചെയ്യാം. കൂടാതെ മീനുകളുടെ വളർച്ചയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അനുയോജ്യമായ തണുത്ത പ്രദേശങ്ങളിലേക്ക് മീനുകൾ കുടിയേറാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. കേരള-കർണാടക തീരങ്ങളിൽ സുലഭമായിരുന്ന മത്തി കിഴക്കൻ തീരങ്ങളായ ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും വ്യാപിക്കുന്ന പ്രവണത ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഈ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക ചെറുകിട മത്സ്യത്തൊഴിലാളികളെയായിരിക്കും. മീൻ ലഭ്യത കുറയുന്നതും കടലിൽ പോകാൻ കഴിയുന്ന ദിവസങ്ങൾ ചുരുങ്ങുന്നതും അവരുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ എൽ നിനോയുടെ ആഘാതം കൂടുതൽ ശക്തമാകാനാണ് സാധ്യത. കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാൻ മത്സ്യമേഖലയെയും തീരദേശ സമൂഹങ്ങളെയും കൂടുതൽ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

English Summary

El Niño may pose a serious threat to Kerala’s fish resources, especially sardines and mackerel. Scientists warn that warmer ocean temperatures could disrupt nutrient-rich upwelling, affecting fish breeding and migration patterns. Studies indicate that commercially important species may shift to cooler waters, reducing catches and impacting the livelihoods of small-scale fishermen. Experts say the impact of El Niño could be more severe due to ongoing global warming.

Share This Article