തിരുവനന്തപുരം ∙ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദനത്തിനിരയായ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എഡിജിപിയുടെ ഓഫീസിൽ പരിശോധന നടത്തി. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശക രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ക്ലബിലെ രേഖകളും പരിശോധിക്കുകയും ചെയ്തത്.
എഡിജിപി ഓഫീസിൽവെച്ച് കേസുമായി ബന്ധപ്പെട്ട രേഖകൾ തിരുത്തിയെന്ന മൊഴി മുൻ അന്വേഷണസംഘം നൽകിയതിനെ തുടർന്നാണ് പരിശോധന. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് എഡിജിപി ഓഫീസിൽ പരിശോധന നടക്കുന്നത്. സംഭവം നടന്ന സമയത്ത് എം.ആർ. അജിത് കുമാറായിരുന്നു എഡിജിപി.
അതേസമയം, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാർക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീലിൽ ഹൈക്കോടതി പ്രതികളുടെ വിശദീകരണം തേടി. ഈ മാസം 27നകം മറുപടി നൽകാനാണ് കോടതി നിർദേശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാരായ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച ലാത്തിയുൾപ്പെടെ തെളിവുകൾ കണ്ടെത്തിയതായി വിലയിരുത്തിയാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
എന്നാൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിച്ചത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എസ്ഐടിയുടെ നിലപാട്.
English Summary:
The Special Investigation Team (SIT) probing the assault on Youth Congress workers during the Nava Kerala Yatra conducted a search at the ADGP’s office and collected records, including the visitor register and CCTV footage. The move follows allegations that case documents were altered inside the office. Meanwhile, the Kerala High Court has sought responses from five police officers on the government’s plea to cancel their anticipatory bail.
