ഉന്നത വിദ്യാഭ്യാസത്തിനും തുടർന്ന് സ്ഥിരതാമസത്തിനുമായി ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ, സ്റ്റഡി പെർമിറ്റ് അപേക്ഷകളിലെ സാമ്പത്തിക രേഖകളുടെ പരിശോധന കൂടുതൽ കർശനമാക്കി. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലെ തുക മാത്രം നോക്കുന്നതിന് പകരം, ആ പണത്തിന്റെ ഉറവിടം, വരുമാനത്തിന്റെ സ്ഥിരത, പഠനകാലം മുഴുവൻ ചെലവുകൾ വഹിക്കാൻ കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി വിസ ഓഫീസർമാർ വിശദമായി വിലയിരുത്തുന്നത്.
പുതിയ പരിശോധനയിൽ എന്തൊക്കെ നോക്കും?
ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വരുമാന സ്രോതസുകൾ, വിദ്യാഭ്യാസ വായ്പകൾ, സ്പോൺസർമാരുടെ സാമ്പത്തിക ശേഷി, എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയുന്ന നിക്ഷേപങ്ങൾ എന്നിവയാണ് ഇനി പ്രധാനമായും പരിശോധിക്കുക. ട്യൂഷൻ ഫീസ്, താമസച്ചെലവ്, യാത്രാ ചെലവ് എന്നിവ വഹിക്കാൻ അപേക്ഷകൻ കാണിക്കുന്ന സാമ്പത്തിക ശേഷി യഥാർഥമാണോയെന്നും ദീർഘകാലത്തേക്ക് അത് നിലനിൽക്കുമോയെന്നും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
അധിക രേഖകൾ ആവശ്യപ്പെടാം
സാമ്പത്തിക രേഖകളിൽ വ്യക്തതയില്ലെങ്കിൽ വിസ ഓഫീസർമാർ കൂടുതൽ തെളിവുകൾ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ദീർഘകാല ബാങ്ക് ഇടപാട് രേഖകൾ, സ്പോൺസർമാരുടെ തൊഴിൽ രേഖകൾ, വരുമാന സർട്ടിഫിക്കറ്റുകൾ, ആദായനികുതി റിട്ടേണുകൾ എന്നിവ സമർപ്പിക്കേണ്ടിവരും. വിസ ലഭിക്കാനായി മാത്രം അവസാന നിമിഷം അക്കൗണ്ടിൽ നിക്ഷേപിച്ച തുകയോ കടം വാങ്ങിയ പണമോ ആണോയെന്നും പ്രത്യേകമായി പരിശോധിക്കും.
വിദ്യാർഥികൾ തയ്യാറാക്കി വയ്ക്കേണ്ട രേഖകൾ
സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നവർ സ്ഥിരതയുള്ള ബാങ്ക് ബാലൻസ് തെളിയിക്കുന്ന സ്റ്റേറ്റ്‌മെന്റുകൾ, വലിയ നിക്ഷേപങ്ങൾക്ക് വ്യക്തമായ വിശദീകരണം, സ്പോൺസറുടെ ശമ്പള സ്ലിപ്പുകൾ അല്ലെങ്കിൽ ബിസിനസ് വരുമാന രേഖകൾ, വിദ്യാഭ്യാസ വായ്പയുടെ അംഗീകാര രേഖ, സ്ഥിര നിക്ഷേപങ്ങളുടെ തെളിവ്, സ്കോളർഷിപ്പ് രേഖകൾ, ട്യൂഷൻ ഫീസ് അടച്ച രസീത്, സാമ്പത്തിക സഹായം നൽകുന്ന മാതാപിതാക്കളുടെയോ സ്പോൺസർമാരുടെയോ പ്രഖ്യാപനപത്രം എന്നിവ മുൻകൂട്ടി തയ്യാറാക്കി വയ്ക്കണം.
മധ്യവർഗ കുടുംബങ്ങൾക്ക് കൂടുതൽ വെല്ലുവിളി
വിദേശപഠനത്തിനായി കുടുംബസമ്പാദ്യം, വിദ്യാഭ്യാസ വായ്പ, സ്ഥിര നിക്ഷേപം, വസ്തു ഈടായുള്ള ധനസഹായം എന്നിവയെ ആശ്രയിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ പരിശോധന കൂടുതൽ ശ്രദ്ധ ആവശ്യപ്പെടും. എന്നാൽ ഈ മാറ്റം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും എല്ലാ അപേക്ഷകളുടെയും വിശ്വാസ്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.
2027 പ്രവേശനം ലക്ഷ്യമിടുന്നവർ ശ്രദ്ധിക്കേണ്ടത്
2027 അധ്യയന വർഷത്തിലേക്ക് അപേക്ഷിക്കാൻ പദ്ധതിയിടുന്ന വിദ്യാർഥികൾ സാമ്പത്തിക ആസൂത്രണം വളരെ നേരത്തെ ആരംഭിക്കണം. ഓരോ വരുമാന സ്രോതസിനും വ്യക്തമായ രേഖകൾ സൂക്ഷിക്കേണ്ടതും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കേണ്ടതും അത്യാവശ്യമാണ്. വിസ ലഭിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ട്യൂഷൻ ഫീസ്, താമസം, ജീവിതച്ചെലവ്, പഠനാനന്തര തൊഴിൽ സാധ്യതകൾ എന്നിവയും മുൻകൂട്ടി വിലയിരുത്തി തീരുമാനമെടുക്കുന്നത് ഗുണകരമായിരിക്കും.
