തിരുവനന്തപുരം: നാടിനെ നടുക്കിയ ഊരുട്ടമ്പലം ഇരട്ടക്കൊലക്കേസിൽ 15 വർഷത്തിന് ശേഷം വിചാരണ ആരംഭിച്ചു. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്.
കൊല്ലപ്പെട്ട ദിവ്യയുടെ മാതാവ് രാധയെ ഒന്നാം സാക്ഷിയായി കോടതി വിസ്തരിച്ചു. വിചാരണയ്ക്കിടെ പ്രതിയായ മാഹിൻ കണ്ണിനെ രാധ തിരിച്ചറിഞ്ഞു.2011 ഓഗസ്റ്റ് 18ന് രാത്രി ഏഴോടെ മാഹിൻ കണ്ണ് മകൾ ദിവ്യയെയും ഒന്നര വയസുള്ള പേരക്കുട്ടി ഗൗരിയെയും ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയതായി രാധ കോടതിയിൽ മൊഴി നൽകി.
രാത്രി വൈകിയും ദിവ്യ തിരിച്ചെത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും രാധ പറഞ്ഞു. തുടർന്ന് മാഹിൻ കണ്ണിനെ വിളിച്ചപ്പോഴും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും സാക്ഷി മൊഴി നൽകി.
ദിവ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയെന്ന് കേസ്
മാറനല്ലൂർ വില്ലേജിലെ വെള്ളൂർക്കോണം അംബികാ വിലാസത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ (23), മകൾ ഗൗരി എന്നിവരെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിളവൻകോട് ആളില്ലാതുറയ്ക്ക് സമീപമുള്ള ഇടപ്പാട് കടൽത്തീരത്തെത്തിച്ച് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.
പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മനു എന്ന മാഹിൻ കണ്ണ് (45), ഭാര്യ റുഖിയ (38) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഊരുട്ടമ്പലത്തുനിന്ന് ബാലരാമപുരം, വഴിമുക്ക്, ഉദിയൻകുളങ്ങര വഴി തമിഴ്നാട്ടിലെ വിളവൻകോട് ആളില്ലാതുറയ്ക്ക് സമീപമുള്ള ഇടപ്പാട് കടൽത്തീരത്തെത്തിച്ച ശേഷമാണ് ദിവ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
വിവാഹത്തെച്ചൊല്ലി തർക്കം
മാഹിൻ കണ്ണുമായി പ്രണയത്തിലായിരുന്ന ദിവ്യ ഊരുട്ടമ്പലത്തെ വാടകവീട്ടിൽ ഇയാളോടൊപ്പം താമസിച്ചുവരികയായിരുന്നു. ദിവ്യ ഗർഭിണിയായതോടെ വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറിയ മാഹിൻ കണ്ണ് വിദേശത്തേക്ക് പോയി.
ദിവ്യയുടെ പ്രസവശേഷം നാട്ടിലെത്തിയ ഇയാളെ ബന്ധുക്കളുടെ ഇടപെടലിനെ തുടർന്ന് തിരികെ കൊണ്ടുവന്നു.വീണ്ടും ഒരുമിച്ച് താമസിക്കുന്നതിനിടെ മാഹിൻ കണ്ണ് വിവാഹിതനാണെന്ന് ദിവ്യ അറിഞ്ഞതോടെ ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായെന്നാണ് പ്രോസിക്യൂഷൻ കേസ്.
ദിവ്യയും കുഞ്ഞും തങ്ങളുടെ കുടുംബജീവിതത്തിന് തടസമാകുമെന്ന് കണ്ട് ഇരുവരെയും ഒഴിവാക്കാൻ മാഹിൻ കണ്ണിനോട് ഭാര്യ റുഖിയ ആവശ്യപ്പെട്ടതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു. തുടർന്ന് ഇരുവരും ചേർന്ന് ദിവ്യയെയും കുഞ്ഞിനെയും തന്ത്രപൂർവം വിളിച്ചിറക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
തമിഴ്നാട് തീരത്ത് മൃതദേഹങ്ങൾ കണ്ടെത്തി
സംഭവദിവസം താനും കുഞ്ഞും മാഹിൻ കണ്ണിനൊപ്പം പോകുകയാണെന്ന് ദിവ്യ അമ്മ രാധയെയും സഹോദരി ശരണ്യയെയും അറിയിച്ചിരുന്നു. പിന്നീട് ദിവ്യയെയും കുഞ്ഞിനെയും കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
രണ്ടുദിവസത്തിന് ശേഷം തമിഴ്നാട്ടിലെ തേങ്ങാപട്ടണം, കുളച്ചൽ തീരങ്ങളിൽനിന്നാണ് തമിഴ്നാട് പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രങ്ങൾ ദിവ്യയുടെ സഹോദരി ശരണ്യയെ കാണിച്ചപ്പോഴാണ് മരിച്ചത് ദിവ്യയും മകളുമാണെന്ന് തിരിച്ചറിഞ്ഞത്.
ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫാണ് കേസ് പരിഗണിക്കുന്നത്. കേസിലെ രണ്ടാം സാക്ഷിയായ ദിവ്യയുടെ സഹോദരി ശരണ്യയുടെ സാക്ഷിവിസ്താരം വെള്ളിയാഴ്ച നടക്കും.
English Summary : The trial in the Ooruttambalam double murder case has begun at the Thiruvananthapuram Seventh Additional Sessions Court after 15 years. Divya’s mother Radha, the first witness, identified accused Mahin Kannu in court and testified that he took Divya and her one-and-a-half-year-old daughter Gauri in an autorickshaw on August 18, 2011. The prosecution alleges that the mother and child were taken to the Edappad seashore in Tamil Nadu and pushed into the sea.
