നെയ്യാറ്റിൻകരയിൽ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചത് ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും കാർ തീവച്ച് നശിപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
ചെങ്കൽ ആറയൂർ സ്വദേശി അശ്വിൻ (24), അമരവിള ചൈക്കോട്ടുകോണം സ്വദേശികളായ അഭിഷേക് (22), സഹോദരൻ അക്ഷയ് (24) എന്നിവരെയാണ് വെള്ളറട എസ്എച്ച്ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ചെങ്കവിളയിൽനിന്നാണ് ഇവരെ പിടികൂടിയത്.
റോഡിലെ മാർഗതടസ്സം ചോദ്യംചെയ്തു
കഴിഞ്ഞ 29ന് പുലർച്ചെ ഒന്നോടെയാണ് കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപ് (38) ആക്രമിക്കപ്പെട്ടത്.
ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭാര്യയെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രദീപ്, നടുറോഡിൽ നിന്ന മൂന്നംഗ സംഘത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.
തുടർന്ന് സംഘം അസഭ്യം പറഞ്ഞത് പ്രദീപ് ചോദ്യംചെയ്തു. ഇതോടെ അക്രമിസംഘം വാൾ ഉപയോഗിച്ച് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമാണ് പ്രദീപിന് വെട്ടേറ്റത്.
കാർ തീവച്ച് നശിപ്പിച്ചു
ബഹളം കേട്ട് എത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയിലെത്തിച്ചത്. പ്രദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത് പ്രതികൾ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറിന് തീയിട്ടതായി പൊലീസ് പറഞ്ഞു.
കാർ പൂർണമായും കത്തി നശിച്ചു.ആക്രമണത്തിനുശേഷം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത പ്രതികൾ തമിഴ്നാട്ടിലെ തിരുവണ്ണാമലയിലേക്ക് കടന്നു. കൈയിലുണ്ടായിരുന്ന 3,000 രൂപ തീർന്നതോടെ ഇവർ കന്യാകുമാരിയിലെത്തി.
ബസിൽനിന്ന് പ്രതികളെ പിടികൂടി
കന്യാകുമാരിയിൽനിന്ന് കൊല്ലങ്കോട് വഴി നെയ്യാറ്റിൻകരയിലേക്ക് മടങ്ങുന്നതിനിടെയാണ് ചെങ്കവിളയിൽവച്ച് പൊലീസ് പ്രതികളെ പിടികൂടിയത്. ബസിനുള്ളിൽനിന്നാണ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
English Summary : Three people, including two brothers, have been arrested in connection with an attack on a 38-year-old man in Neyyattinkara. Police said the victim was attacked with a sword after questioning a group for blocking the road. The accused also allegedly set fire to a car and were arrested from a bus at Chenkavila in Tamil Nadu.
