തൃശൂർ: വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. 1995ലെ മാർത്ത വധക്കേസിലെ പ്രതിയായ ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. പേരും വിലാസവും മാറ്റി വർഷങ്ങളോളം ഒളിജീവിതം നയിച്ച ഇയാളെ കണ്ടെത്തിയത് നീണ്ട അന്വേഷണത്തിനൊടുവിലാണ്.
മാർത്ത വധക്കേസ്: 30 വർഷത്തിനുശേഷം പ്രതി പിടിയിൽ
തൃശൂർ കിഴക്കേക്കോട്ട സ്വദേശിനിയായ മാർത്തയെ (65) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ആറു പവൻ സ്വർണം കവർന്നെന്നാണ് കേസ്. 1995ലായിരുന്നു സംഭവം. കൃഷ്ണകുമാറും ചാലക്കുടി സ്വദേശിയായ സുഹൃത്ത് പ്രസാദുമായിരുന്നു കേസിലെ പ്രതികൾ. അന്ന് ഇരുവർക്കും 18 വയസ്സായിരുന്നു.
ഇരുവരെയും പൊലീസ് പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ പിന്നീട് ഒളിവിൽ പോയി. തുടർന്നാണ് ഇയാൾക്കെതിരെ കോടതി ദീർഘകാല വാറന്റ് പുറപ്പെടുവിച്ചത്.
മീററ്റിൽ 15 വർഷം, പിന്നീട് കുണ്ടറയിൽ
പേരുമാറ്റി ഉത്തർപ്രദേശിലെ മീററ്റിലേക്ക് കടന്നുവെന്ന സൂചനയാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് പൊലീസ് സംഘം മീററ്റിലെത്തി തിരച്ചിൽ നടത്തി. എന്നാൽ, അവിടെ 15 വർഷത്തോളം താമസിച്ചശേഷം കൃഷ്ണകുമാർ കൊല്ലത്തേക്ക് മാറിയതായി കണ്ടെത്തി.
കൊല്ലം കുണ്ടറയിലെത്തിയ ഇയാൾ വിവാഹം കഴിച്ച് കുടുംബസമേതം വ്യാജവിലാസത്തിൽ കഴിയുകയായിരുന്നു. വെൽഡറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാറിനെ കുണ്ടറയിൽനിന്നാണ് പൊലീസ് പിടികൂടിയത്.
രണ്ടാം സുകുമാരക്കുറുപ്പായി നിഴൽജീവിതം
പേരും വിലാസവും മാറ്റി മൂന്ന് പതിറ്റാണ്ടോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ജീവിച്ച കൃഷ്ണകുമാറിന്റെ ഒളിജീവിതമാണ് അറസ്റ്റോടെ അവസാനിച്ചത്. പൊലീസ് രേഖകളിൽ രണ്ടാം സുകുമാരക്കുറുപ്പെന്ന വിശേഷണത്തോടെയാണ് ഇയാളെ പരാമർശിക്കുന്നത്.
നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിൽ ലഭിച്ച സൂചനകൾ പിന്തുടർന്നാണ് തൃശൂർ സിറ്റി പൊലീസ് പ്രതിയെ കണ്ടെത്തിയത്.
English Summary:
Krishnakumar (49), an accused in the 1995 Martha murder case, has been arrested by Thrissur City Police after nearly 30 years on the run. He was accused of strangling 65-year-old Martha, a resident of East Fort in Thrissur, and stealing six sovereigns of gold. After obtaining bail, he allegedly fled and lived in Meerut for 15 years before moving to Kundara in Kollam, where he married and lived with his family under a false identity while working as a welder.
