facebook

പറക്കും കാർ യുഎഇയിൽ എത്തുന്നു; വീട്ടിൽ പാർക്ക് ചെയ്ത് ആകാശത്തേക്ക് പറക്കാം

3 Min Read

ദുബായ്: റോഡിലൂടെ കാറായി ഓടിക്കാനും ആവശ്യം വരുമ്പോൾ വിമാനമായി മാറി ആകാശത്തേക്ക് പറക്കാനും കഴിയുന്ന പറക്കും കാർ യുഎഇ വിപണിയിലെത്താൻ ഒരുങ്ങുന്നു. 

ചൈനീസ് കമ്പനിയായ എയറിഡ്ജ് (Aridge) വികസിപ്പിച്ച ‘ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ എന്ന സംവിധാനമാണ് ശ്രദ്ധ നേടുന്നത്. 

വ്യക്തികൾക്ക് സ്വന്തമായി വാങ്ങി ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഈ വാഹനം വ്യക്തിഗത ഗതാഗതരംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ.

പറക്കും കാർ: കാറും വിമാനവും ഒരൊറ്റ സംവിധാനത്തിൽ

ആറ് ചക്രങ്ങളുള്ള റോഡ് വാഹനവും അതിൽനിന്ന് വേർപെടുത്താവുന്ന രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് വിമാനവും ചേർന്നതാണ് ലാൻഡ് എയർക്രാഫ്റ്റ് കാരിയർ. 

നിശ്ചയിച്ച ഫ്ലയിങ് ഏരിയയിൽ വാഹനം എത്തിച്ചശേഷം ഒറ്റ ബട്ടൺ അമർത്തിയാൽ വിമാനഭാഗം കാറിൽനിന്ന് വേർപെടും.

വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തിന്റെ പ്രതലത്തിനനുസരിച്ച് വിമാനഭാഗം സുരക്ഷിതമായി താഴെയിറക്കാൻ എയർ സസ്പെൻഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

സാധാരണ റോഡ് യാത്രയ്ക്കും വ്യോമയാത്രയ്ക്കും ഒരേ സംവിധാനത്തെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

നാല് മുതൽ അഞ്ച് മിനിറ്റിനുള്ളിൽ വീണ്ടും ബന്ധിപ്പിക്കാം

വ്യോമയാത്ര പൂർത്തിയാക്കി തിരിച്ചെത്തിയാൽ വിമാനഭാഗത്തെ റോഡ് വാഹനവുമായി വീണ്ടും ബന്ധിപ്പിക്കാനും പ്രത്യേക സാങ്കേതികവിദ്യയുണ്ട്.

 ഓട്ടോമാറ്റിക് ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ റോഡ് വാഹനം വിമാനത്തിനടുത്തേക്ക് സ്വയം എത്തും. തുടർന്ന് വിമാനഭാഗം വാഹനത്തിനുള്ളിലേക്ക് തിരിച്ചെടുക്കും.

ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ നാല് മുതൽ അഞ്ച് മിനിറ്റ് വരെ മതിയാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വീട്ടിൽ പാർക്ക് ചെയ്യാം; 7,000 പ്രീ-ഓർഡറുകൾ

വിമാനം സൂക്ഷിക്കാൻ പ്രത്യേക ഹാങ്ങറുകളോ വിമാനത്താവളങ്ങളോ ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ കാർ പാർക്ക് ചെയ്യുന്നതുപോലെ ഉടമകൾക്ക് സ്വന്തം വീടുകളിലും വാഹനം സൂക്ഷിക്കാനാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഏകദേശം 7,000 പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. ഇതിൽ 600ഓളം ഓർഡറുകൾ ജിസിസി രാജ്യങ്ങളിൽനിന്നാണ്.

യുഎഇയിൽ പറത്താൻ വ്യോമയാന അനുമതി നിർബന്ധം

വാഹനം വാങ്ങിയാൽ ഉടൻ പറത്താനാകില്ല. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ചൈനീസ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ആവശ്യമായ അനുമതികളും സർട്ടിഫിക്കറ്റുകളും ലഭിച്ചശേഷം മാത്രമേ യുഎഇയിൽ ഇത് പറത്താൻ കഴിയൂ. വ്യോമയാന സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും നിർബന്ധമുണ്ട്.

റാസൽഖൈമയിൽ പരീക്ഷണങ്ങൾക്ക് കരാർ

പറക്കും കാറിന്റെ പരീക്ഷണങ്ങൾക്കായി റാസൽഖൈമയിൽ പ്രത്യേക കരാറിൽ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. ഭാവിയിൽ എയർ ടാക്സികൾക്കായി ഒരുക്കുന്ന ഹെലിപാഡുകളും വെർട്ടിപോർട്ടുകളും ഇത്തരം വാഹനങ്ങളുടെ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

വാണിജ്യാടിസ്ഥാനത്തിലുള്ള എയർ ടാക്സികളിൽനിന്ന് വ്യത്യസ്തമായി വ്യക്തികൾക്ക് സ്വന്തമായി വാങ്ങി ഉപയോഗിക്കാവുന്ന സംവിധാനമെന്ന നിലയിലാണ് ഈ സാങ്കേതികവിദ്യ ശ്രദ്ധ നേടുന്നത്. 

ആവശ്യമായ അനുമതികളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാനായാൽ വ്യക്തിഗത ഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കിയേക്കും.

English Summary:

Chinese company Aridge is preparing to bring its Land Aircraft Carrier flying car concept to the UAE. The system combines a six-wheel road vehicle with a detachable electric aircraft designed for two passengers. The aircraft can reportedly separate from and reconnect with the vehicle in around four to five minutes. The company says it has received approximately 7,000 pre-orders worldwide, including around 600 from GCC countries. However, the vehicle will require regulatory approvals and aviation certification before it can be flown in the UAE.

Share This Article