ഷാർജ: യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അജ്മലിനാണ് പരിക്കേറ്റത്. ഇയാളെ ഉമ്മുൽ ഖുവൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാർജ വാഹനാപകടം എമിറേറ്റ്സ് റോഡിൽ
ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപമായിരുന്നു അപകടം. മലയാളികൾ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാരിഖിന്റെയും രമേഷ് കുമാറിന്റെയും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരുടെ മൃതദേഹങ്ങൾ ഷാർജയിൽ
ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മൂവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാർ
മരിച്ചവരും പരിക്കേറ്റ അജ്മലും ഉമ്മുൽ ഖുവൈനിലെ ഒരു കാറ്ററിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
English Summary:
Two Malayalis, Sharikh from Malappuram and Ramesh Kumar from Cheekilode in Balussery, Kozhikode, died in a road accident in Sharjah, UAE. Ajmal, a native of Alappuzha, suffered serious injuries and was admitted to a hospital in Umm Al Quwain. Their van collided with a truck near Sharjah Mosque on Emirates Road on Tuesday night. The bodies are being kept at Al Qasimi Hospital mortuary while arrangements are underway to repatriate them to Kerala.
