facebook

സിനിമയിലെ സ്റ്റൈൽ ഇനി സ്വന്തം അലമാരയിലും; ‘ഡിസ്കോ’ കോസ്റ്റ്യൂമുകളുമായി ഫാഷൻ സെയിൽ

2 Min Read
കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ

സിനിമയിലെ പ്രിയ താരങ്ങൾ ധരിക്കുന്ന സ്റ്റൈലിഷ് വസ്ത്രങ്ങൾ ഇനി സ്ക്രീനിൽ മാത്രം കണ്ടിരിക്കേണ്ട. അവയിൽ ചിലത് സ്വന്തമാക്കാനും അവസരമൊരുങ്ങുന്നു.

കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെയുടെ ഡിസൈനർ സംരംഭമായ ഹൗസ് ഓഫ് കൾട്ട് സംഘടിപ്പിക്കുന്ന ഫാഷൻ-ത്രിഫ്റ്റ് സെയിലിലൂടെയാണ് ‘ഡിസ്കോ’ സിനിമയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ആരാധകരിലേക്കെത്തുന്നത്.

കൊച്ചി വൈറ്റിലയിലെ ‘മാർട്ടിനി ട്രക്കോ’ ഹെയർ സലൂണിലാണ് ‘സ്ക്രീൻ ടു സ്ട്രീറ്റ്’ എന്ന പേരിൽ ഒരു മാസം നീളുന്ന എക്സിബിഷനും സെയിലും നടക്കുന്നത്. സിനിമയിലെ വസ്ത്രങ്ങൾ നേരിട്ട് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഇതാദ്യമായാണ്.

സിനിമയിലെ വസ്ത്രങ്ങളും പുതിയ കളക്ഷനുകളും

‘ഡിസ്കോ’യിലെ വസ്ത്രങ്ങൾ ഒരുക്കുന്ന സമയത്തുതന്നെ അവ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന ആശയം ഉണ്ടായിരുന്നെന്ന് മെൽവി ജെ പറഞ്ഞു. ഇതിനായി കൂടുതൽ വസ്ത്രങ്ങൾ വാങ്ങിയതായും അവർ വ്യക്തമാക്കി.

സിനിമയിൽ ഉപയോഗിച്ച പീസുകൾക്കൊപ്പം പുതിയ കളക്ഷനുകളും ഫാഷൻ സെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഡിസ്കോ’യുടെ റിലീസിന് ശേഷം താരങ്ങൾ സിനിമയിൽ ധരിച്ച ഒറിജിനൽ കോസ്റ്റ്യൂമുകൾ ത്രിഫ്റ്റ് വിഭാഗത്തിൽ വാങ്ങാനാകുമെന്നും മെൽവി പറഞ്ഞു.

‘സ്ക്രീൻ ടു സ്ട്രീറ്റ്’

സിനിമയിലെ കോസ്റ്റ്യൂമുകൾ പിന്നീട് എന്തുചെയ്യുമെന്ന് പലരും ചോദിക്കാറുണ്ടെന്നും അതാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്നും മെൽവി പറഞ്ഞു.

സിനിമയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ പ്രേക്ഷകർക്ക് നേരിട്ട് കാണാനും സ്വന്തമാക്കാനും അവസരമൊരുക്കുകയാണ് ‘സ്ക്രീൻ ടു സ്ട്രീറ്റ്’ എക്സിബിഷനും സെയിലും.

മെൽവി ജെയുടെ സിനിമാ യാത്ര

‘മിന്നൽ മുരളി’, ‘ഭ്രമയുഗം’, ‘ലോക: ചാപ്റ്റർ വൺ’, ‘ഡിയസ് ഇറ’,’ന്നാ താൻ കേസ്കൊട് ‘,’നൻ പകൽ നേരത്ത് മയക്കം ‘,’ കെട്ടിയോളാണെന്റെ മാലാഖ ‘ തുടങ്ങി നിരവധി സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനറാണ് മെൽവി ജെ.

‘മിന്നൽ മുരളി’യിലെ മികച്ച വസ്ത്രാലങ്കാരത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മെൽവി നേടിയിട്ടുണ്ട്.

പുതുചിത്രം ഡിസ്കോ

‘ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് രചനയും നിർമാണവും നിർവഹിച്ച മലയാളം ആക്ഷൻ-ക്രൈം ത്രില്ലർ ചിത്രമാണ് ഡിസ്കോ.മണികണ്ഠൻ അയ്യപ്പനാണ് സംഗീതം ഒരുക്കുന്നത്.

ആന്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ്, ഗായത്രി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

തമാശയും ആക്ഷനും ത്രില്ലറും ചേർന്ന ചിത്രത്തിന്റെ കഥ, വിനോദത്തിനും പെട്ടെന്ന് പണം സമ്പാദിക്കാനുമായി ശ്രമിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ അപ്രതീക്ഷിതമായി ഒരു ഭൂഗർഭ രഹസ്യത്തിലും അപകടകരമായ അധോലോകത്തിലും അകപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ്. ചിത്രം നവംബർ 6ന് റിലീസ് ചെയ്യും.

English Summary : Original costumes used in the film Disco will be made available to fans through a fashion and thrift sale organised by costume designer Melvy J’s design venture, House of Cult. The month-long “Screen to Street” exhibition and sale is being held at Martini Tracco Hair Salon in Vyttila, Kochi. The sale includes costumes used in the film as well as new collections.

Share This Article