വിവാഹാഭ്യർഥനയെയും വ്യക്തിജീവിതത്തെയും ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും ശക്തമായ മറുപടിയുമായി നടി രശ്മിക മന്ദാന. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും പരിഹാസങ്ങൾക്കും തുറന്ന കത്തിലൂടെയാണ് താരം പ്രതികരിച്ചത്.
തങ്ങളുടെ അഭിമുഖത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾ അഭിപ്രായപ്രകടനങ്ങളല്ലെന്നും, ഒരാളോടുള്ള ദേഷ്യം തീർക്കാനുള്ള ശ്രമമാണെന്നും രശ്മിക പറഞ്ഞു. ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിൽ വിജയ് മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും താരം വ്യക്തമാക്കി.
‘ഞങ്ങളുടെ ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചു’
വിവാഹത്തെക്കുറിച്ചുള്ള അഭിമുഖത്തിലെ പരാമർശങ്ങൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് രശ്മിക പറഞ്ഞു. വിവാഹാഭ്യർഥനയോ മോതിരം കൈമാറുന്ന ചടങ്ങോ ആയിരുന്നില്ല തങ്ങളെ സംബന്ധിച്ച് പ്രധാനമെന്നും, ഒരുമിച്ചുള്ള ജീവിതവും ഭാവിയും കെട്ടിപ്പടുക്കുന്നതാണ് പ്രാധാന്യമെന്നും താരം വ്യക്തമാക്കി.
ബന്ധത്തിലെ പ്രായോഗിക വശങ്ങളെക്കുറിച്ച് ചിന്തിക്കാനും തീരുമാനമെടുക്കാനും ഇരുവർക്കും സമയം ആവശ്യമായിരുന്നു. തനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായിരുന്നെങ്കിലും, ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളിൽ ഉറപ്പുവരുത്താൻ വിജയ് സമയം എടുത്തുവെന്നത് സ്നേഹത്തെ ബാധിച്ചിട്ടില്ലെന്നും രശ്മിക പറഞ്ഞു.
‘ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തു. അവസാനം വരെ ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും’ എന്ന നിലപാടും താരം പങ്കുവച്ചു. തങ്ങളുടെ സ്നേഹം മറ്റുള്ളവരുടെ സങ്കൽപ്പങ്ങൾക്ക് അനുസൃതമല്ലെങ്കിൽ അതിൽ തെറ്റില്ലെന്നും, ഓരോരുത്തരും സ്വന്തം ജീവിതത്തിൽ സന്തോഷം കണ്ടെത്തണമെന്നും രശ്മിക കൂട്ടിച്ചേർത്തു.
‘വിജയ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്’
തന്നെ സംരക്ഷിക്കാനെന്ന പേരിൽ സൗജന്യ ഉപദേശങ്ങൾ നൽകുന്നവരോടും രശ്മിക പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നത് വിജയ് മാത്രമാണെന്നും, അന്ന് വിമർശിക്കുന്നവരാരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും താരം ഓർമിപ്പിച്ചു.
ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, വിവാഹശേഷമുള്ള സന്തോഷം തന്റെ മുഖത്തും അഭിനയത്തിലും സിനിമകളിലും പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രശ്മിക പറഞ്ഞു. താൻ സന്തോഷവതിയും സംതൃപ്തയുമാണെന്നും അനുഗ്രഹീതയാണെന്നും താരം വ്യക്തമാക്കി.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന എഡിറ്റുകളും വിശ്വസിച്ച് തന്റെ ജീവിതത്തെ വിലയിരുത്തുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും രശ്മിക കുറിച്ചു.
‘കുടുംബത്തെ അധിക്ഷേപിക്കുന്നത് സ്ത്രീസമത്വമല്ല’
വ്യക്തിജീവിതത്തെക്കുറിച്ച് വിമർശിക്കാമെങ്കിലും കുടുംബത്തെ വലിച്ചിഴച്ച് സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രശ്മിക വ്യക്തമാക്കി. സ്ത്രീസമത്വത്തിന്റെ പേരിൽ കുടുംബത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും താരം തുറന്നടിച്ചു.
സ്ത്രീസമത്വം മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതല്ല. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും അതിന് നേതൃത്വം നൽകാനുമുള്ള സ്വാതന്ത്ര്യമാണ് സ്ത്രീസമത്വത്തിന്റെ അടിസ്ഥാനമെന്നും രശ്മിക പറഞ്ഞു.
തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തെന്നും, സ്വന്തം തീരുമാനങ്ങളിലൂടെ അളവറ്റ സ്നേഹം കണ്ടെത്താനായെന്നും താരം കുറിച്ചു. തന്നെക്കുറിച്ച് വിമർശിക്കുന്നതിൽ പ്രശ്നമില്ലെന്നും, എന്നാൽ കുടുംബത്തെക്കുറിച്ച് അറിയാതെ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രശ്മിക വ്യക്തമാക്കി.
‘നിങ്ങൾക്ക് സന്തോഷം നൽകുന്ന ജീവിതം നയിക്കുക’
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മറ്റുള്ളവരുടെ സങ്കൽപ്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ താൽപര്യമില്ലെന്ന് രശ്മിക വ്യക്തമാക്കി.താൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സ്വാതന്ത്ര്യവും അവകാശവും തനിക്കുണ്ടെന്നും താരം പറഞ്ഞു.
തന്നെ ആഴത്തിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാൾ ജീവിതത്തിലുണ്ടെന്നതാണ് തനിക്ക് വേണ്ട സ്നേഹമെന്നും രശ്മിക കുറിച്ചു. തങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും, ഓരോരുത്തരും തങ്ങൾക്ക് സന്തോഷം നൽകുന്ന ജീവിതം തിരഞ്ഞെടുക്കണമെന്നും താരം തുറന്ന കത്തിൽ ആവശ്യപ്പെട്ടു.
English Summary : Rashmika Mandanna has responded to online criticism and trolling over her relationship and marriage with actor Vijay Deverakonda through an open letter. She said their relationship had been misinterpreted and stressed that both had chosen each other. Rashmika also criticised those targeting her family, stating that feminism is about the freedom to make personal choices and lead one’s own life.
