facebook

11 മാസത്തിനിടെ രണ്ട് പ്രസവം; പിഞ്ചുകുഞ്ഞുങ്ങളുമായി ദുരിതത്തിലായ അമ്മയ്ക്ക് തുണയായി പൊലീസ്

3 Min Read
കുഞ്ഞിനെ പരിചരിക്കുന്ന വനിത പോലീസ് ഉദ്യോഗസ്ഥർ

കൊല്ലം : ചവറയിൽ ഗാർഹിക പീഡനത്തിനിരയായ യുവതിക്കും രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്കും തുണയായി പൊലീസ്. സിസേറിയൻ കഴിഞ്ഞ് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞുമായി വീട്ടിലെത്തിയ 36കാരിക്കാണ് ഭർത്താവിൽനിന്നും ഭർതൃപിതാവിൽനിന്നും ഉപദ്രവമേറ്റത്.

11 മാസത്തിനിടെ രണ്ട് പ്രസവം കഴിഞ്ഞ യുവതിക്ക് ആവശ്യമായ പരിചരണവും ലഭിച്ചിരുന്നില്ല. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും കുഞ്ഞുങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ചവറ വേട്ടുതറ സ്വദേശിനിയായ സിനി (36)യുടെ ദുരവസ്ഥയാണ് അയൽവാസികൾ പൊലീസിനെ അറിയിച്ചത്. എസ്ഐയുടെ നിർദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്.

തുടർന്ന് സ്റ്റേഷനിലെയും പിങ്ക് പൊലീസിലെയും ഉദ്യോഗസ്ഥർ ഇടപെട്ട് യുവതിയെയും കുഞ്ഞുങ്ങളെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

മർദനത്തിൽ സിസേറിയൻ സ്റ്റിച്ചിന് ഇളക്കം

കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് സിനിയുടെ രണ്ടാമത്തെ പ്രസവം നടന്നത്. ഡിസ്‌ചാർജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെ ഭർത്താവ് നിബിൻ മദ്യപിച്ചെത്തി ഉപദ്രവിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.

മർദനത്തിനിടെ സിസേറിയനെ തുടർന്ന് ഉണ്ടായിരുന്ന സ്റ്റിച്ചിന് ഇളക്കം സംഭവിച്ചു. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് ഡ്രസ് ചെയ്തു.നിബിൻ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവാണെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഭർതൃപിതാവും ഉപദ്രവിക്കാറുണ്ടെന്നാണ് മൊഴി. ഭർത്താവിനും ഭർതൃപിതാവിനുമെതിരെ യുവതി പരാതി നൽകിയതിനെ തുടർന്ന് ചവറ പൊലീസ് കേസെടുത്തു.

ഭക്ഷണവും പരിചരണവും ലഭിക്കാതെ

വീട്ടിലെത്തിയപ്പോൾ ഭർതൃമാതാവ് ഉണ്ടായിരുന്നെങ്കിലും പ്രസവശേഷം ലഭിക്കേണ്ട പരിചരണം യുവതിക്ക് ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പൊലീസ് സംഘം വീട്ടിലെത്തുമ്പോൾ തലേദിവസം വൈകിട്ട് ദോശ കഴിച്ചതിന് ശേഷം മറ്റൊന്നും കഴിച്ചിട്ടില്ലെന്നാണ് യുവതി പറഞ്ഞത്.

സ്വന്തം വീട്ടിലേക്ക് പോയാലും നോക്കാൻ ആരുമില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇനി ഭർതൃവീട്ടിൽ തുടരാനാകില്ലെന്ന് പറഞ്ഞ് യുവതി കരഞ്ഞതോടെയാണ് പൊലീസ് അമ്മയെയും കുഞ്ഞുങ്ങളെയും സ്റ്റേഷനിലേക്ക് മാറ്റിയത്.

യുവതിക്ക് രണ്ട് പെൺകുഞ്ഞുങ്ങളാണുള്ളത്. ഇളയ കുഞ്ഞിനെ എടുക്കുകയോ പാൽ നൽകുകയോ ചെയ്യുമ്പോൾ മൂത്ത കുഞ്ഞും കരയും. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റുന്നതും പാൽ നൽകുന്നതുമെല്ലാം യുവതി ഒറ്റയ്ക്കാണ് ചെയ്തിരുന്നത്.

സിസേറിയൻ കഴിഞ്ഞ് ഒരു വർഷം തികയുംമുമ്പ് വീണ്ടും സിസേറിയൻ കഴിഞ്ഞ സാഹചര്യത്തിൽ ഇതെല്ലാം ചെയ്യുന്നത് യുവതിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിങ്ക് പൊലീസിന്റെ കരുതൽ

സ്റ്റേഷനിലെത്തിച്ച ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ കുളിപ്പിക്കുകയും പുതിയ വസ്ത്രങ്ങളും ഡയപ്പറും മറ്റ് ആവശ്യസാധനങ്ങളും വാങ്ങി നൽകുകയും ചെയ്തു.

യുവതി വിശക്കുന്നുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് വഴിയിൽ ഭക്ഷണം വാങ്ങി നൽകി. ഭക്ഷണം കഴിക്കാതിരുന്നതിനാൽ മുലപ്പാൽ ലഭിച്ചിരുന്നില്ലെന്നും കുഞ്ഞിന്റെ ഇൻസുലിൻ കുറയുന്നുണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥ റിനു പറഞ്ഞു.

ഡോക്ടറുടെ നിർദേശപ്രകാരം കുഞ്ഞിന് കുപ്പിപ്പാൽ നൽകി.അമ്മയ്ക്കും ആവശ്യമായ പരിചരണം നൽകി. അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും താൽക്കാലികമായി വനിതാ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇക്കാര്യം സ്നേഹിത’യിലും അറിയിച്ചിട്ടുണ്ട്.

English Summary : A 36-year-old woman from Vettuthara in Chavara, who had undergone two Caesarean deliveries within 11 months, was allegedly subjected to domestic abuse by her husband and father-in-law. Neighbours alerted the Chavara Police after she returned home with her six-day-old infant. Police and Pink Police personnel brought the woman and her two daughters to the station, provided them with food and care, and shifted them to a women and child protection facility.

Share This Article