ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ ലഭിക്കുന്ന നിയമപരിരക്ഷ പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.
ഐ.ടി നിയമത്തിലെ വകുപ്പ് 79 പ്രകാരമുള്ള ‘സേഫ് ഹാർബർ’ പരിരക്ഷ പുനഃപരിശോധിക്കാനാണ് നീക്കം.
നിർദേശം നടപ്പായാൽ നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പേരിൽ പ്ലാറ്റ്ഫോമുകൾക്കെതിരേ സിവിൽ, ക്രിമിനൽ നടപടികൾക്ക് സാധ്യതയുണ്ടാകും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
എന്താണ് സേഫ് ഹാർബർ നിയമപരിരക്ഷ?
ഉപയോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ ഇന്റർനെറ്റ് ഇടനിലക്കാർക്ക് നേരിട്ട് നിയമബാധ്യത വരാതിരിക്കാൻ ഐ.ടി നിയമത്തിലെ വകുപ്പ് 79 സംരക്ഷണം നൽകുന്നുണ്ട്. ഇതാണ് ‘സേഫ് ഹാർബർ’ എന്നറിയപ്പെടുന്നത്.
നിലവിലെ വ്യവസ്ഥ പ്രകാരം നിയമത്തിലെ നിബന്ധനകളും ആവശ്യമായ ജാഗ്രതാ നടപടികളും പാലിക്കുന്ന ഇടനിലക്കാർക്ക് ഉപയോക്താക്കളുടെ ഉള്ളടക്കത്തിന്റെ പേരിൽ പൊതുവെ നിയമപരിരക്ഷ ലഭിക്കും.
എന്നാൽ കോടതി ഉത്തരവോ സർക്കാർ നിർദേശമോ ലഭിച്ചിട്ടും നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാതിരുന്നാൽ ഈ പരിരക്ഷ നഷ്ടപ്പെടാം.
അൽഗോരിതം ഉപയോഗിക്കുന്നതും കേന്ദ്രത്തിന്റെ ആശങ്ക
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കൾക്ക് ഏത് ഉള്ളടക്കം കാണിക്കണമെന്ന് തീരുമാനിക്കാൻ സങ്കീർണമായ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഉള്ളടക്കങ്ങളുടെ റാങ്കിങ്, പ്രചാരണം, ശുപാർശ എന്നിവയിലൂടെ പ്ലാറ്റ്ഫോമുകൾക്ക് അവയുടെ വ്യാപ്തി സ്വാധീനിക്കാൻ കഴിയുന്നു.
അതിനാൽ വെറും സന്ദേശവാഹകരായി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് സേവനദാതാക്കളിൽനിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ വ്യത്യസ്തമായി കാണണമെന്നാണ് സർക്കാരിനുള്ളിൽ ഉയരുന്ന അഭിപ്രായം.
നിയമപരിരക്ഷ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് മാത്രമാകുമോ?
ഇന്റർനെറ്റ് സേവനദാതാക്കൾ, ടെലികോം സേവനദാതാക്കൾ, ഉപയോക്താക്കൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്ന ചില പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് മാത്രം പരിരക്ഷ നിലനിർത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിനായി ഐ.ടി നിയമത്തിൽ ഭേദഗതി ആവശ്യമായി വരും. നിലവിൽ ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. വിവിധ പങ്കാളികളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തുടർനടപടികളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ; കേന്ദ്രത്തിനും മെറ്റയ്ക്കും സുപ്രീംകോടതി നോട്ടീസ്
അതിനിടെ, കുട്ടികളിലേക്ക് അശ്ലീല ദൃശ്യങ്ങളും അപകടകരമായ ഉള്ളടക്കങ്ങളും എത്തുന്നത് തടയാൻ സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് വേണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും മെറ്റയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
പൊതുപ്രവർത്തക ശ്രീരൂപ ചൗധരി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. സോഷ്യൽ മീഡിയയിലെ ചില സംവിധാനങ്ങൾ കുട്ടികളിൽ അമിതമായ ഉപയോഗശീലം വളർത്തുന്നുവെന്നും ഉറക്കക്കുറവ്, വിഷാദം, നശീകരണ ചിന്തകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
കുട്ടികളെ ലക്ഷ്യമിടുന്ന അൽഗോരിതം അധിഷ്ഠിത ഉള്ളടക്ക ശുപാർശകളും അമിത ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന സംവിധാനങ്ങളും നിയന്ത്രിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
English Summary:
The Union government is considering reviewing the safe harbour protection granted to social media platforms under Section 79 of the Information Technology Act. The proposal could make platforms more accountable for illegal user-generated content, particularly when their algorithms influence what users see. Discussions are at an early stage and no final decision has been taken. Separately, the Supreme Court has issued notices to the Centre and Meta on a PIL seeking stronger safeguards for children against harmful online content and addictive social media features.
