facebook

മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം വർധിക്കുന്നു

2 Min Read

കോട്ടയം: കായൽ, കടൽ മത്സ്യങ്ങളിൽ നഗ്നനേത്രങ്ങൾക്ക് കാണാനാകാത്ത മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വർധിക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി വിഭാഗത്തിന്റെ പഠനം. ഓരോ വർഷവും മത്സ്യങ്ങളിലെ പ്ലാസ്റ്റിക് സാന്നിധ്യം 10 മുതൽ 20 ശതമാനം വരെ വർധിക്കുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ. ഇത് മത്സ്യസമ്പത്തിനൊപ്പം മനുഷ്യാരോഗ്യത്തിനും ഭീഷണിയാകാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

മൈക്രോപ്ലാസ്റ്റിക് കരിമീൻ കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിച്ചു

കുസാറ്റ് ലാബിൽ ഒന്നരമാസത്തോളം മൈക്രോപ്ലാസ്റ്റിക് സമ്പർക്കത്തിൽ വളർത്തിയ കരിമീൻ കുഞ്ഞുങ്ങളിൽ വളർച്ചയിൽ വലിയ കുറവുണ്ടായതായി പഠനം വ്യക്തമാക്കുന്നു.

ഇവയുടെ രക്താണുക്കളുടെ എണ്ണത്തിലും കുറവുണ്ടായി. കൂടാതെ തലച്ചോറിലെയും ചെകിളപ്പൂക്കളിലെയും സുപ്രധാന എൻസൈമുകളുടെ പ്രവർത്തനം മന്ദഗതിയിലായെന്നും ഗവേഷകർ കണ്ടെത്തി.

മത്സ്യസമ്പത്തിനും മറ്റ് ജലജീവികൾക്കും ഭീഷണി

മൈക്രോപ്ലാസ്റ്റിക് മലിനീകരണം സൂക്ഷ്മ സസ്യങ്ങൾ, ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ, കക്കയിറച്ചി തുടങ്ങിയ ജലജീവികളെയും ബാധിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

കടൽപ്പക്ഷികൾ, നീർനായ്ക്കൾ തുടങ്ങിയ ജീവികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ജല ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്കും ഭീഷണി ഉയരുകയാണ്.

മനുഷ്യാരോഗ്യത്തിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ?

മത്സ്യങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ എത്തുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, പ്രതിരോധശേഷി കുറയൽ, പ്രമേഹം, ഗർഭസംബന്ധമായ പ്രശ്നങ്ങൾ, പൊണ്ണത്തടി തുടങ്ങിയവയുമായി മൈക്രോപ്ലാസ്റ്റിക് സമ്പർക്കത്തിന് ബന്ധമുണ്ടാകാമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ, താലേറ്റുകൾ, ബിസ്ഫിനോൾ തുടങ്ങിയ രാസഘടകങ്ങളും ആശങ്കയുണ്ടാക്കുന്നവയാണ്. അതേസമയം, മീൻ കഴിക്കുന്നത് പൂർണമായി ഒഴിവാക്കുന്നതിനേക്കാൾ പ്ലാസ്റ്റിക് മലിനീകരണം തടയുകയും ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് പൊതുവായ നിലപാട്.

പ്ലാസ്റ്റിക് നിരോധനവും ബോധവത്കരണവും വേണമെന്ന് വിദഗ്ധൻ

മൈക്രോപ്ലാസ്റ്റിക് ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് കുസാറ്റ് മറൈൻ ബയോളജി ഡീൻ ഡോ. ബിജോയ് നന്ദൻ പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ രോഗപ്രതിരോധ പ്രവർത്തനത്തെ മറികടക്കാൻ മൈക്രോപ്ലാസ്റ്റിക്കിന് കഴിയുമെന്നത് പുതിയ രോഗങ്ങൾക്ക് വഴിതെളിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനൊപ്പം കനം കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

A study by the Department of Marine Biology at Cochin University of Science and Technology (CUSAT) has reported increasing microplastic contamination in backwater and marine fish. The study indicates an annual rise of 10–20% in plastic presence in fish. Experiments on pearl spot fingerlings exposed to microplastics for around six weeks showed reduced growth, lower blood cell counts and changes in enzyme activity. Researchers have also raised concerns about the impact on aquatic ecosystems and potential human health risks.

Share This Article